വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ ആറ് പതിറ്റാണ്ടിലധികം പഴക്കമുള്ള പനയറ മൂഴിയിൽ നടപ്പാലം തകർന്ന നിലയിൽ. 1959 കാലഘട്ടത്തിൽ നിർമ്മിച്ച ഈ പാലം ചാവടിമുക്ക്, വണ്ടിപ്പുര, കോവൂർ എന്നിവിടങ്ങളിലുള്ളവരുടെ പ്രധാന സഞ്ചാര പാതയായിരുന്നു. കാർഷികമേഖല കൂടിയായ ചെമ്മരുതിയിൽ തച്ചോട്, ചാവടിമുക്ക് ചന്തകളിലേക്ക് കാർഷിക ഉത്പന്നങ്ങൾ നേരിട്ട് എത്തിക്കുന്നതിന് ഈ പാലം സഹായകമായിരുന്നു. പാലത്തിന് ബലക്ഷയം സംഭവിക്കുകയും ജന സഞ്ചാരം കുറയുകയും ചെയ്തു.
ഇവിടം സാമൂഹികവിരുദ്ധരുടെയും താവളമായി.
പാലം അപകടവസ്ഥയിലായതോടെ പാടം ചുറ്റിയാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തുന്നത്.
മഴയിൽ വയൽ വരമ്പുകൾ ഇടിഞ്ഞതോടെ ഇതുവഴിയുള്ള യാത്രയും ദുഷ്കരമാണ്.
പാലം നവീകരിക്കണമെന്നും കാടുപിടിച്ചു കിടക്കുന്ന ഇവിടം നന്നാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും കയ്യേറിയ റോഡിന്റെ ഭാഗം വീണ്ടെടുത്ത് പുനർനിർമ്മാണത്തിനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.