പകരം പരിഗണനയിൽ ഭാര്യ ശാരദാ മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. വേണു ഈ മാസം 31ന് വിരമിക്കും. തദ്ദേശ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയും വേണുവിന്റെ ഭാര്യയുമായ ശാരദ മുരളീധരനെയാണ് അടുത്ത ചീഫ് സെക്രട്ടറിയായി പരിഗണിക്കുന്നത്. അവരെ നിയമിച്ചാൽ ഭർത്താവിന്
പിന്നാലെ ഭാര്യ സംസ്ഥാനത്തിന്റെ ഭരണതലപ്പത്തെത്തുന്നുവെന്ന അപൂർവതയ്ക്ക് കേരളം സാക്ഷിയാകും.
കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി അവിടെ തുടരാനാണ് സാദ്ധ്യത. 2027 ജനുവരി വരെയാണ് അദ്ദേഹത്തിന് സർവ്വീസ് കാലാവധി.
2025 ഏപ്രിൽ വരെ സർവ്വീസുള്ള ശാരദാ മുരളീധരനാണ് അടുത്ത സീനിയോറിറ്റി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്
കഴിഞ്ഞാണ് ഡോ. വേണു സിവിൽ സർവ്വീസിലെത്തുന്നത്. 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വേണു 26-ാം റാങ്കോടെയാണ് സിവിൽ സർവ്വീസ് പരീക്ഷ പാസായത്. 1991ൽ തൃശ്ശൂർ അസി. കളക്ടറായായിരുന്നു ആദ്യ നിയമനം. ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായിരിക്കെയാണ് സംസ്ഥാനത്തിന്റെ 48-ാം ചീഫ് സെക്രട്ടറിയായത്. കണ്ണൂർ ജില്ലാകളക്ടർ, വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പുകളുടെ സെക്രട്ടറി, എക്‌സൈസ് കമ്മിഷണർ, റവന്യു, വനം-വന്യജീവി, ഉന്നതവിദ്യാഭ്യാസം, വിനോദസഞ്ചാരം
എന്നീ വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറി,റീബിൽഡ് കേരളയിൽ സി.ഇ.ഒ, കണ്ണൂർ എയർ പോർട്ട് എം.ഡി തുടങ്ങിയ പദവികളിലും പ്രവർത്തിച്ചു. കേന്ദ്ര ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി, സാംസ്‌കാരികവകുപ്പ് ജോയിന്റ് സെക്രട്ടറി, ഡൽഹി നാഷണൽ മ്യൂസിയം തലവൻ തുടങ്ങിയ നിലകളിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലും പ്രവർത്തിച്ചു. നാഷണൽ മ്യൂസിയത്തെ നവീകരിച്ചതും ഒട്ടേറെ പുതിയ ഗാലറികൾ തുറന്നതും ഇക്കാലത്താണ്. നാഷണൽ മ്യൂസിയം ഇൻസ്റ്റിറ്റ്യൂട്ട് വൈസ് ചാൻസലറുടെ ചുമതലയുമുണ്ടായിരുന്നു.