scan
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒന്നര വർഷം മുമ്പ് ഇൻസ്റ്റലേഷൻ കഴിഞ്ഞെങ്കിലും ഉപയോഗിക്കാനാകാത്ത സ്‌പെക്ട് സി.ടി യന്ത്രം.

തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ തൈറോയ്ഡ് കാൻസർ നിർണയത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 4കോടി രൂപ ചെലവാക്കി വാങ്ങിയ സ്‌പെക്ട് സ്കാനർ(ഗാമ ക്യാമറ) ഒന്നരവർഷമായി കാഴ്ചവസ്തു. ഇതോടെ പാവപ്പെട്ട രോഗികൾ സ്വകാര്യ സ്ഥാപനങ്ങളിൽ വൻതുക നൽകിയാണ് സ്‌കാൻ ചെയ്യുന്നത്.

യന്ത്രം വാങ്ങുന്നതിനും ഇതിനുള്ള കെട്ടിടം നിർമ്മിക്കുന്നതിനുള്ള ചുമതല നൽകിയ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെട്ടിടം ആശുപത്രിക്ക് കൈമാറിയിട്ടില്ലാത്തതാണ് പ്രശ്നത്തിന് കാരണം.

റേഡിയേഷൻ മൂലകങ്ങളായ അയഡിനും ടെക്‌നീഷ്യവും ഉപയോഗിച്ചുള്ള സ്‌കാനിംഗ് ആയതിനാൽ അറ്റോമിക് എനർജി റഗുലേറ്ററി ബോർഡ്(എ.ഇ.ആർ.ബി)മാനദണ്ഡ പ്രകാരമാണ് കെട്ടിടനിർമ്മാണം പൂ‌ർത്തിയാക്കിയത്. കോർപറേഷൻ കെട്ടിടം കൈമാറിയാലേ ആശുപത്രിക്ക് എ.ഇ.ആർ.ബിയിൽ നിന്ന് പ്രവർത്തനാനുമതി വാങ്ങാനാകൂ. അതിനുശേഷമേ മുംബയിലെ ബാബ അറ്റോമിക് എനർജി സെന്ററിൽ നിന്ന് സ്കാനിംഗിന് ആവശ്യമായ ടെക്നീഷ്യവും അയഡിനും ലഭ്യമാകൂ.

തലസ്ഥാനത്ത് ഈ സ്കാനിംഗുള്ള ആർ.സി.സിയിൽ ഒത്തിരി രോഗികളുള്ളതിനാൽ പുറത്തുനിന്ന് രോഗികളെ അവിടേക്ക് അയക്കുന്നത് പ്രായോഗികമല്ല. അതിനാലാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ 2022 നവംബറിൽ അത്യാധുനിക സ്‌പെക്ട് സി.ടി യന്ത്രം സ്ഥാപിച്ചത്.

യന്ത്രത്തിനും കെട്ടിടനിർമ്മാണത്തിനുമായി

7.27 കോടിയാണ് ചെലവഴിച്ചത്(2020മുതൽ 2023വരെ മൂന്നുഘട്ടമായി)

ഇരട്ടിയിലധികം

തുക നൽകണം !

സ്വകാര്യ മേഖലയിൽ 8000 മുതൽ 10,000വരെ ഈടാക്കുന്ന സ്‌പെക്ട് സി.ടിക്ക് സർക്കാരിൽ പരമാവധി 4000രൂപ മതി. യന്ത്രമെത്തിയിട്ടും സ്കാനിംഗ് നടക്കാത്തതിനാൽ പാവപ്പെട്ടവർ ഇരട്ടിത്തുക നൽകി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുകയാണ്.

നേട്ടങ്ങൾ പലത്

മറ്റു കാൻസറുകൾ എല്ലുകളിലേക്ക് വ്യാപിച്ചോയെന്ന് ബോൺ സ്കാനിംഗിനൂടെ അറിയാം.

വൃക്ക,ഹൃദയം,കരൾ എന്നിവയുടെ പ്രവർത്തനം വിലയിരുത്താം. അതിനനുസരിച്ച് ശസ്ത്രക്രിയ ചെയ്യാം.

മസ്തിഷ്ക രോഗങ്ങൾ കണ്ടെത്താൻ ബ്രെയിൻ സ്കാൻ ചെയ്യാം