പള്ളിക്കൽ: പള്ളിക്കൽ കവലയിലെ ഓടകൾ മാലിന്യംകൊണ്ട് നിറഞ്ഞതോടെ നാട്ടുകാരും കച്ചവടക്കാരും ദുരിതത്തിൽ. എത്രയുംപെട്ടെന്ന് ഓടവൃത്തിയാക്കി ദുരിതം അവസാനിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.1984ലാണ് ഏകദേശം 300 മീറ്ററോളം നീളത്തിൽ പ്രധാനറോഡിന് ഇരുവശവുമായി ഓടനിർമ്മിച്ചത്. ഇരുവശത്തേയും ഓടകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി രണ്ട് കലിംഗുകളുമുണ്ട്. വെള്ളം റോഡിന്റെ വശങ്ങളിലെ ഓടയിലൂടെ ജംഗ്ഷനിലുള്ള കലിംഗുകൾവഴി മറുവശത്തെത്തി ഓടയിലൂടെതന്നെ ഒഴുകി പള്ളിക്കൽ കുളത്തിനോട് ചേർന്നുള്ള ചെറുതോടിലൂടെ പനപ്പള്ളി ഏലായിലെത്തും. എന്നാൽ ഓടയിലും കലിംഗിലും മണ്ണും മറ്റുമാലിന്യങ്ങളും അടിഞ്ഞുകൂടിയതോടെ മഴക്കാലത്ത് മഴവെള്ളം നിറഞ്ഞുകവിഞ്ഞ് റോഡിലൂടെ ഒഴുക്കുകയാണ്. ഇതുമൂലം യാത്രക്കാരും പ്രദേശത്തെ കച്ചവടക്കാരും നന്നേ ബുദ്ധിമുട്ടനുഭവിക്കുന്നു. ഓടയും കലിംഗും പൂർവ്വസ്ഥിതിയിലേക്ക് എത്തിക്കുന്നതിന്റെ ഉത്തരവാദിത്വം പൊതു മരാമത്തുവകുപ്പിനാണെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഓട വൃത്തിയാക്കുന്നതിനാവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് പഞ്ചായത്തംഗം മുബാറക് ആവശ്യപ്പെട്ടു.