photo

തിരുവനന്തപുരം: ബഹുഭാഷാ പണ്ഡിതനും വിവർത്തകനും കവിയും അദ്ധ്യാപകനുമായ പ്രൊഫ.സി.ജി.രാജഗോപാൽ (93) അന്തരിച്ചു. തൈക്കാട് പി.ആർ.എസ് റോഡിലെ വസതിയായ ‘ശാലീന’ത്തിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് ആറിന് പൂർണ ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തിൽ സംസ്കാരം നടന്നു.

കുട്ടനാട് തലവടി സ്വദേശിയാണ്. പാലാ സെന്റ് തോമസ് കോളേജിൽ ലക്ചററും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തലശേരി ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിൽ ഹിന്ദിവിഭാഗം തലവനുമായിരുന്നു. തൃശൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽനിന്ന് പ്രിൻസിപ്പലായാണ് വിരമിച്ചത്.

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ സംസ്‌കൃതേതര ഭാരതീയ ഭാഷാവിഭാഗം ഡീനായിരുന്നു. തപസ്യ, ഭാരതീയ വിചാരവേദി എന്നിവയുടെ അദ്ധ്യക്ഷൻ,​ സംസ്‌കാരഭാരതി ദേശീയ ഉപാദ്ധ്യക്ഷൻ,​സമസ്തകേരള സാഹിത്യപരിഷത്ത് ഭരണസമിതിയംഗം,​ ഭാരതീയ വിചാരകേന്ദ്രം ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

'ദൃശ്യവേദി' കഥകളി ആസ്വാദക സംഘടനയുടെ സ്ഥാപകപ്രസിഡന്റും അമൃതഭാരതി വിദ്യാപീഠം കുലപതിയുമാണ്.

തുളസീദാസിന്റെ 'ശ്രീരാമചരിതമാനസം' ഹിന്ദിയിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിന് 2019 ലെ കേന്ദ്ര സാഹിത്യഅക്കാഡമി വിവർത്തന പുരസ്‌കാരം ലഭിച്ചു. വിവർത്തനത്തിനുള്ള കമല ഗോയങ്ക ഫൗണ്ടേഷന്റെ 'സത്യനാരായണ ഗോയങ്ക അനുദിത് സാഹിത്യ പുരസ്‌കാര'വും നേടി. നിഘണ്ടുക്കളടക്കം നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ടി.വിജയലക്ഷ്മി. മക്കൾ:പരേതയായ വി.ആർ.ശാലീന, ഡോ.വി.ആർ.ശാരിക (റിട്ട.പ്രൊഫസർ, ദേവസ്വം ബോർഡ് കോളേജ്, തലയോലപ്പറമ്പ്). മരുമക്കൾ:പരേതനായ എസ്.ജയരാജ് (മുൻ ജനറൽ മാനേജർ - പി.ആർ, ഹിന്ദുസ്ഥാൻ ലാറ്റക്സ്), ആർ.രാജീവ് (ചീഫ് ന്യൂസ് എഡിറ്റർ, മലയാള മനോരമ, കൊച്ചി).

രാജഗോപാലിന്റെ വേർപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചനം രേഖപ്പെടുത്തി.