anil

തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സുകളിൽ, വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള രണ്ട് വിഷയങ്ങൾ മറ്റേതെങ്കിലും കോളേജിൽ പഠിക്കാനുള്ള സംവിധാനം അടുത്ത സെമസ്റ്റർ മുതൽ നടപ്പാവും. സർക്കാർ,സ്വാശ്രയ, എയ്ഡഡ് കോളേജുകളിൽ സൗകര്യമൊരുക്കണമെന്ന് സർക്കാർ നിർദേശം നൽകി. ഫീസും മാനദണ്ഡങ്ങളും നിശ്ചയിച്ച് ഉടൻ ഉത്തരവിറക്കും.

. പഠിക്കുന്ന കോളേജിൽ സൗകര്യമില്ലാത്ത മൈനർ, മേജർ വിഷയങ്ങൾക്കാണ് ഈ സൗകര്യം. ഈ കോഴ്സുകൾക്ക് പ്രത്യേകം ഫീസ് നൽകേണ്ടിവരും. പരീക്ഷയെഴുതേണ്ടത് കോഴ്സ് നടത്തുന്ന കോളേജിലായിരിക്കണം.

ഭൂരിഭാഗം കോളേജുകളിലും അദ്ധ്യാപകരുടെ ജോലിഭാരം ക്രമീകരിച്ച് തസ്തിക നിലനിറുത്താൻ തക്കവിധമാണ് കോഴ്സുകൾ അനുവദിക്കുന്നത്. അതിനാലാണ് ഇഷ്ടവിഷയങ്ങൾ മറ്റിടങ്ങളിൽ പഠിക്കാനുള്ള സൗകര്യമൊരുക്കുന്നത്. കോളേജുകളിൽ പഠിക്കാൻ സൗകര്യമില്ലാത്ത വിഷയങ്ങൾ ഓൺലൈനായി പഠിക്കാനും അനുവദിക്കും. കേന്ദ്രസർക്കാർ, യു.ജി.സി, എം.എച്ച്.ആർ.ഡി, ഐ.ഐ.ടികൾ, വിദേശ വാഴ്സിറ്റികൾ എന്നിവയുടെ നിലവാരമുള്ള ഓൺലൈൻ കോഴ്സുകളുടെ പട്ടിക ഒരുമാസത്തിനകം യൂണിവേഴ്സിറ്റികൾ പ്രസിദ്ധീകരിക്കും. ഈ കോഴ്സുകളിൽ വിദ്യാർത്ഥികൾ നേടുന്ന ക്രെഡിറ്റ് അംഗീകരിക്കണമെന്ന് വാഴ്സിറ്റികളോട് സർക്കാർ നിർദ്ദേശിച്ചു.

വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയങ്ങൾ തിരഞ്ഞെടുക്കാൻ കോളേജ് തലത്തിലുണ്ടാക്കിയ കോഴ്സ്ബാസ്കറ്റ് സംവിധാനം പൊളിച്ചടുക്കാൻ കോളേജുകൾ ശ്രമിച്ചപ്പോഴാണ് സർക്കാർ കോളേജ്മാറി പഠിക്കാൻ അനുവദിക്കുന്നത്. മുൻപ് കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും കണക്കും നിർബന്ധമായി പഠിക്കേണ്ടിയിരുന്നെങ്കിൽ ഇപ്പോൾ കെമിസ്ട്രിക്കൊപ്പം ഫിസിക്സ്- ഇലക്ട്രോണിക്സ്, സാഹിത്യം-സംഗീതം അല്ലെങ്കിൽ കെമിസ്ട്രി മാത്രമായും പഠിക്കാം. ഇതിനാണ് കോളേജുകൾ ഉടക്കിടുന്നത്. നാലുവർഷത്തേക്ക് ഗസ്റ്റ്അദ്ധ്യാപകരുടേതടക്കം വർക്ക്‌ലോഡ് സംരക്ഷിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നതാണ്.

ആദ്യപരീക്ഷ നവംബറിൽ

വാഴ്സിറ്റികളിൽ നാലുവർഷ ബിരുദത്തിന്റെ ആദ്യസെമസ്റ്റർ പരീക്ഷ നവംബർ രണ്ടുമുതൽ 22വരെയായിരിക്കും. ഡിസംബർ 22നകം ഫലംപ്രസിദ്ധീകരിക്കും. ഏകീകൃത അക്കാഡമിക് കലണ്ടറനുസരിച്ചാണിത്.

ശനിയാഴ്ചയും ക്ലാസ്

മഴക്കെടുതിയോ പ്രകൃതിക്ഷോഭമോ കാരണം ക്ലാസ് നഷ്ടമായാൽ തൊട്ടടുത്ത ശനിയാഴ്ച ക്ലാസ്‌നടത്താം. അക്കാഡമിക് കലണ്ടറിലെ അദ്ധ്യയനദിനങ്ങൾ ഉറപ്പാക്കാനാണിത്.

''കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിന് സൗകര്യമൊരുക്കും. ഒന്നോരണ്ടോ വിഷയങ്ങളാവും മറ്റിടങ്ങളിൽ പഠിക്കാനാവുക''

-ഡോ.കെ.എസ്.അനിൽകുമാർ

രജിസ്ട്രാർ, കേരളസർവകലാശാല