നെടുമങ്ങാട്:ക്ഷേത്രങ്ങളിലും അംഗീകൃത ബലിക്കടവുകളിലും കർക്കടക വാവുബലിയോടനുബന്ധിച്ചുള്ള പിതൃതർപ്പണ ചടങ്ങുകൾക്ക് ഭക്തിനിർഭരമായ തുടക്കം. അരുവിക്കര ഡാമിനോട് ചേർന്ന ബലിക്കടവിലും ഇറിഗേഷൻ നിയന്ത്രണത്തിലുള്ള ദേവീക്ഷേത്രത്തിന് താഴെ ബലിമണ്ഡപത്തിലും ഭക്തജനങ്ങളുടെ വൻ തിരക്കാണ്. വാവുബലിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള കാർഷിക മേളയിലും വൻ തിരക്കാണ്.

പുലർച്ചെ 3മുതൽ ആരംഭിച്ച പിതൃതർപ്പണത്തിന് പ്രത്യേക അഭിമുഖത്തിലൂടെ തിരഞ്ഞെടുത്ത പരികർമ്മികളാണ് മേൽനോട്ടം വഹിക്കുന്നത്. കരകുളം യുവജനസമാജം നേതൃത്വത്തിൽ കിള്ളിയാറ്റിലെ ഏണിക്കരയിലും കാർഷികമേള നടക്കുന്നുണ്ട്. കല്ലമ്പാറ കടവിൽ നെടുമങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ ബലിതർപ്പണവും കാർഷിക മേളയും ആരംഭിച്ചു. കരുപ്പൂര് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പ്രദീപ് നാരായണനാണ് മേൽനോട്ടം വഹിക്കുന്നത്. ചെല്ലാംകോട് കറുവേലിനടയിൽ 4.30 മുതൽ തർപ്പണച്ചടങ്ങുകൾ ആരംഭിച്ചു. നിലത്തിരുന്ന് ബലികർമ്മങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് പ്രത്യേക സൗകര്യമൊരുക്കി. പനയമുട്ടം ശ്രീആയിരവില്ലി ഭദ്രകാളി ക്ഷേത്രത്തിൽ നന്ദിയോട് അമ്പാടി പോറ്റിയാണ് മേൽനോട്ടം വഹിക്കുന്നത്.പുതുക്കുളങ്ങര ശ്രീഭദ്രകാളി ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആറ്റുമൂഴി കടവിൽ പുലർച്ചെ 3മുതൽ തർപ്പണം ആരംഭിച്ചു.ആര്യനാട് ശ്രീഭദ്രകാളിയൂട്ട് സംഘമാണ് നേതൃത്വം നൽകുന്നത്.വട്ടറത്തല മീന്നിലം ഓട്ടുപാറ ശിവ വിഷ്ണു ദേവീക്ഷേത്രത്തിൽ ഗോപാലകൃഷ്ണൻ പോറ്റി നേതൃത്വം നൽകും.ഇര്യനാട് കുണ്ടറക്കുഴി ശ്രീഭദ്രകാളി ചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിൽ ബലിതർപ്പണം ഇര്യനാട് കടവിൽ ആരംഭിച്ചു. വേങ്കോട് കൊടൂർ ശ്രീഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി മഹേശ്വരൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ പുരോഗമിക്കുന്നത്.