1

പൂവാർ: കമുകിൻകോട് ബഥനി കോൺവെന്റ് റോഡിൽ കെ.എസ്.ഇ.ബി അശാസ്ത്രീയമായി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇടുങ്ങിയ റോഡിലൂടെയുള്ള വാഹനഗതാഗതം പൊതുവെ ദുരിതപൂർണമാണ്. കേബിളിലൂടെ വൈദ്യുതി വിതരണം നടത്തുന്നതിനായി ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ചതോടെ ദുരിതം പതിന്മടങ്ങ് വർദ്ധിച്ചതായി നാട്ടുകാർ പറയുന്നു.

കമുകിൻകോട് കൊച്ചുപള്ളി തീർത്ഥാടന കേന്ദ്രത്തിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളാണ് ഈ ഇടുങ്ങിയ റോഡിലൂടെ കടന്നു പോകുന്നത്. ചില പ്രത്യേക ദിവസങ്ങളിൽ ആയിരക്കണക്കിന് ഭക്തർ വന്നുപോകുന്ന ഇടം കൂടിയാണ് ഇവിടം. മാർഗതടസം സൃഷ്ടിക്കുന്ന രീതിയിൽ പോസ്റ്റുകൾ സ്ഥാപിച്ചതോടെ എതിരെ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. ദിനവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു. കാൽനട യാത്രപോലും ദുഃസഹമാണ്. അപകടങ്ങളും പതിവാകുന്നു.

പരാതി നൽകി

അശാസ്ത്രീയമായി റോഡിൽ സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി കമുകിൻകോട് അസിസ്റ്റന്റ് എൻജിനിയർക്ക്, നയനാർ നഗർ റെസിഡന്റ്സ് അസോസിയേഷൻ പരാതി നൽകി. എന്നാൽ പ്രശ്നം പരിഹരിക്കാൻ കെ.എസ്.ഇ.ബി ഇതുവരെയും തയ്യാറായിട്ടില്ല. മാത്രമല്ല അനുവാദമില്ലാതെ സ്വകാര്യ വ്യക്തികളുടെ വസ്തുക്കളിൽ സ്റ്റേകമ്പികൾ സ്ഥാപിച്ചിരിക്കുകയാണ്.

ആവശ്യം ശക്തം

പ്രദേശത്ത് ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കെ.എസ്.ഇ.ബി അടിയന്തരമായി തയ്യാറാകണമെന്നാണ് നായനാർ നഗർ റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.