തിരുവനന്തപുരം: നഗരസഭയിൽ പ്രധാന പദ്ധതികൾ വെട്ടിക്കുറച്ചതിൽ കൗൺസിലിൽ പ്രതിപക്ഷ ബഹളം. ഭേദഗതി ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധങ്ങൾക്കിടെ കൗൺസിൽ യോഗം പാസാക്കി. മാലിന്യ സംസ്‌കരണം,തെരുവുനായ നിയന്ത്രണം,ഭവന പദ്ധതി തുടങ്ങിയവയ്ക്കടക്കം മാറ്റിവച്ച തുകകൾ വെട്ടിച്ചുരുക്കിയതിനെതിരെ ബി.ജെ.പി, യു.ഡി.എഫ് കൗൺസിലർമാർ രംഗത്തെത്തി. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഒാരോ വാർഡിനും അനുവദിച്ച തുകകൾ ഏകപക്ഷീയമായി വെട്ടിക്കുറച്ചതിലും പ്രതിഷേധമുണ്ട്.
ഒരു വാർഡിന് 80 ലക്ഷം രൂപയാണ് മരാമത്ത് പണികൾക്ക് അനുവദിച്ചത്.ക്ഷേമ പദ്ധതികൾക്ക് അനുവദിച്ച തുക വെട്ടിക്കുറച്ചത് എല്ലാ വർഡിലേയും ഗുണഭോക്താക്കളെ ബാധിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
സ്ഥിരം സമിതി അദ്ധ്യക്ഷരുടെ മറുപടിക്ക് പിന്നാലെ ഭേദഗതി പാസാക്കരുതെന്നാരോപിച്ച് ബി.ജെ.പി അംഗങ്ങൾ മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
തുക വെട്ടിക്കുറച്ച
പദ്ധതികൾ (ആദ്യം അനുവദിച്ച തുക, വെട്ടിക്കുറച്ചത്)
ആരോഗ്യകേന്ദ്രങ്ങൾക്ക് മരുന്നുവാങ്ങൽ 3കോടി, 1 കോടി
ഡയാലിസിസ് രോഗികൾക്ക് 50 ലക്ഷം, 10ലക്ഷം
അഗതിരഹിത കേരളം 50 ലക്ഷം,10 ലക്ഷം
തെരുവുനായ വന്ധ്യംകരണം 60 ലക്ഷം, 10ലക്ഷം
തെരുവു നായ വാക്സിനേഷൻ 30ലക്ഷം, 5 ലക്ഷം
വിശപ്പ് രഹിത നഗരം 60ലക്ഷം,30 ലക്ഷം
തുമ്പൂർമൊഴി മാലിന്യസംസ്‌കരണ ബിൻ 50 ലക്ഷം, 25 ലക്ഷം
അനധികൃത മാലിന്യ നിക്ഷേപം കണ്ടെത്താൻ ക്യാമറ 25ലക്ഷം,15ലക്ഷം