തിരുവനന്തപുരം: വെള്ളയമ്പലം ആൽത്തറ മുതൽ മേട്ടുക്കട വരെയുള്ള പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുന്ന പണികൾ പൂർത്തിയാകാൻ ഇനിയും ഒരാഴ്ചയെടുക്കും. പത്തിനകം പൂർത്തിയാക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്. കോട്ടൺഹിൽ, മേട്ടുക്കട എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ ഇന്നലെ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പണി നീളുന്ന സ്ഥിതിയാണ്. അതേസമയം, പണി പൂർത്തിയാകാത്തതിനാൽ പലയിടത്തും കുടിവെള്ള ക്ഷാമമുണ്ട്. എന്നാൽ, മിക്കയിടങ്ങളിലും വെള്ളമെത്തിച്ചിട്ടുണ്ടെന്നാണ് ജല അതോറിട്ടിയുടെ അവകാശവാദം.
സ്മാർട്ട് സിറ്റി റോഡുകളുടെ നവീകരണത്തിനിടെ ആൽത്തറ മുതൽ മേട്ടുക്കട വരെയുള്ള ഭാഗത്തെ പ്രധാന പൈപ്പ് ലൈൻ റോഡിന്റെ ഇരുവശത്തേക്ക് മാറ്റിയെങ്കിലും വെള്ളയമ്പലം മാനവീയം വീഥിയിൽ പഴയ 400 എം.എം സിമന്റ് പൈപ്പ് പൊട്ടിയതാണ് പ്രശ്നം രൂക്ഷമാക്കിയത്. ഇതോടെ നഗരത്തിലെ മിക്ക ഭാഗത്തേക്കുമുള്ള കുടിവെള്ള വിതരണം തടസപ്പെട്ടു. പഴയ കാസ്റ്റ് അയൺ പൈപ്പ് പെട്ടെന്ന് ലഭ്യമല്ലാത്തതിനാൽ പുതിയത് നിർമ്മിച്ച് ഘടിപ്പിക്കുന്നതിനാലാണ് പണി നീളുന്നത്.
മേട്ടുക്കട മ്യൂസിക് കോളേജ് ജംഗ്ഷൻ റോഡ്, വിമെൻസ് കോളേജ് ജംഗ്ഷൻ- ബേക്കറി ജംഗ്ഷൻ റോഡ്, വഴുതക്കാട് ആകാശവാണി റോഡ്, അനിരുദ്ധൻ റോഡ്, ഗണപതി കോവിൽ റോഡ് എന്നിവിടങ്ങളിലെ ലൈനുകൾ മാറ്റാനുണ്ട്. നിലവിൽ ഈ ഭാഗത്ത് വെള്ളം ലഭിക്കുന്നുണ്ടെങ്കിലും പ്രധാന പൈപ്പിൽ പണി നടക്കുന്നതിനാൽ പലതവണ നിറുത്തിവയ്ക്കേണ്ടി വരുന്നുണ്ട്. വെള്ളം കിട്ടാതായതോടെ തങ്ങളുടെ കച്ചവടത്തെ ബാധിച്ചതായി ഹോട്ടലുടമകളും പരാതിപ്പെട്ടു.