papnasam

വർക്കല : പാപനാശത്തും ശിവഗിരിയിലും ബലിതർപ്പണം നടത്തിയത് ആയിരങ്ങളാണ്. ശനിയാഴ്ച പുലർച്ചെ 3.30ന് ബലി തർപ്പണം ആരംഭിച്ചു. രാവിലെയോടെ തീരവും തീരത്തേക്കുള്ള വഴികളും ബലിതർപ്പണത്തിനെത്തിയവരെകൊണ്ട് നിറഞ്ഞു.ആൽത്തറമൂട്- പാപനാശം റോഡിൽ ബലിയിടാനെത്തിയവർ തിങ്ങിനിറഞ്ഞാണ് നീങ്ങിയത്. പാപനാശം തീരത്തും ബലിപ്പുരയിലുമായി ബലിതർപ്പണം നടന്നു.നൂറോളം കർമ്മികൾ ബലിതർപ്പണത്തിന് നേതൃത്വം നൽകി.ബലിയിട്ടശേഷം ഭക്തർ ദേഹശുദ്ധിവരുത്തി ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെത്തി തിലഹോമവും പിതൃപൂജയും മറ്റു വഴിപാടുകളും നടത്തിയാണ് മടങ്ങിയത്.

ജനാർദ്ദനസ്വാമിക്ഷേത്രം പുലർച്ചെ മൂന്നിന് തുറന്നു. വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. അരലക്ഷത്തോളം തിലഹോമം നടന്നു. കടൽക്ഷോഭം ഉള്ളതിനാൽ ബലിയിടാനെത്തിയവർക്ക് അപകടമുണ്ടാകാതിരിക്കാൻ ലൈഫ് ഗാർഡുകളും പൊലീസും ശ്രദ്ധിച്ചു.തീരത്ത് ആംബുലൻസ് സൗകര്യവുമൊരുക്കി. സന്നദ്ധസംഘടനകൾ ഭക്തർക്ക് കുടിവെള്ളവും ചുക്കുകാപ്പിയും വിതരണം ചെയ്തു.