ഓരോ അവധിക്കാലവും ഗൾഫ് രാജ്യങ്ങളിലുള്ള മലയാളി പ്രവാസികൾക്ക് അങ്കലാപ്പിന്റെ ദിനങ്ങളാണ്. സ്വന്തം നാട്ടിലേക്കുള്ള വിമാനയാത്രയാണ് അവരെ പേടിപ്പിക്കുന്നത്. എല്ലാ വിമാനക്കമ്പനികളും സംഘടിതമായി ടിക്കറ്റ് നിരക്ക് അവധിക്കാലമാകുമ്പോൾ അഞ്ചും ആറും ഇരട്ടിയാക്കി പ്രവാസികളുടെ മിച്ച സമ്പാദ്യമത്രയും കവർന്നെടുക്കുകയാണ്. തൊഴിൽ തേടി ഭാരതീയർ, പ്രത്യേകിച്ചും മലയാളികൾ ഗൾഫ് നാടുകളിൽ കൂട്ടത്തോടെ ചേക്കേറാൻ തുടങ്ങിയ കാലം മുതൽ നടക്കുന്നതാണ് ഈ ചൂഷണം. മുൻകാലങ്ങളിൽ കുറച്ചൊക്കെ നേരും നെറിയുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ യാതൊരു മറയുമില്ലാതെയാണ് വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള. കേന്ദ്രത്തിൽ വ്യോമയാന വകുപ്പും മന്ത്രിമാരുമൊക്കെയുണ്ടെങ്കിലും ഈ കൊള്ള നിയന്ത്രിക്കാൻ ഇന്നേവരെ നടപടിയൊന്നുമില്ല. ഇതു തങ്ങളുടെ പരിധിയിൽപ്പെട്ട കാര്യമല്ലെന്നാണ് വ്യോമയാനമന്ത്രി അടുത്തിടെയും പാർലമെന്റിൽ പറഞ്ഞത്. ചുരുക്കത്തിൽ വിമാനക്കമ്പനികൾക്കാണ് വ്യോമനിരക്കു നിശ്ചയിക്കുന്നതിനുള്ള പൂർണാധികാരം.
രാജ്യത്തെമ്പാടുമുള്ള വിമാനത്താവളങ്ങളുടെയും അവിടങ്ങളിലെ സൗകര്യങ്ങളുടെയും മേൽ അധികാരം കേന്ദ്രത്തിനാണെങ്കിലും വിമാന നിരക്കു നിർണയത്തിൽ ഒരു റോളുമില്ലെന്നു വരുന്നത് വിരോധാഭാസമാണ്. സീസൺ കാലത്ത് നിരക്കുകൾ ആകാശം മുട്ടെ ഉയരുമ്പോൾ ഉയരാറുള്ള പരാതികളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ തൊടുന്യായങ്ങളുമായി രംഗത്തുവരും. ഇക്കഴിഞ്ഞ സീസണിലും അതുണ്ടായി. അമിത ടിക്കറ്റ് നിരക്ക് പരിശോധിക്കാൻ സമിതിയെ വയ്ക്കുമെന്നായിരുന്നു വിശദീകരണം. എം.പിമാരിൽ ചെറിയൊരു വിഭാഗത്തിനു മാത്രമേ വിമാന നിരക്ക് പ്രശ്നത്തിൽ താത്പര്യമുള്ളൂ എന്ന് എല്ലാവർക്കും അറിയാം. അവരുടെ യാത്രക്കൂലി സ്വന്തം പോക്കറ്റിൽ നിന്നല്ല. സർക്കാർ വകയാണ്. ഗൾഫിലേക്കു പറക്കണമെങ്കിലും അവിടെയുള്ള ഏതെങ്കിലും പ്രമുഖ വ്യക്തിയോ സംഘടനയോ വിമാനക്കൂലി ഉൾപ്പെടെ സർവ ചെലവുകളും നോക്കിക്കൊള്ളും.
കഴിഞ്ഞ ക്രിസ്‌മസ് - പുതുവത്സര വേളയിലും ഗൾഫ് വിമാന നിരക്കുകൾ പലമടങ്ങ് ഉയർന്നിരുന്നു. അന്നും ഇതിനെതിരെ പ്രതിഷേധം അലയടിച്ചതാണ്. ഒരു ഫലവുമുണ്ടായില്ലെന്നു മാത്രം. ഇപ്പോൾ ഗൾഫ് രാജ്യങ്ങളിൽ വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന സമയമാണ്. അവധിക്കു നാട്ടിൽ വന്ന് മടങ്ങുന്ന പ്രവാസി കുടുംബങ്ങൾക്ക് വിമാന യാത്രക്കൂലി ഏറ്റവും വലിയ ഭാരം തന്നെയാണ്. സാധാരണ നിരക്കിന്റെ പലമടങ്ങു നൽകിയാലേ ടിക്കറ്റ് ലഭിക്കൂ എന്നതാണു സ്ഥിതി. ദുബായിലേക്കു നിലവിലുണ്ടായിരുന്ന നിരക്ക് 8000 രൂപയാണെങ്കിൽ സീസണിലെ നിരക്ക് നാല്പതിനായിരത്തിനും അൻപതിനായിരത്തിനുമിടയിലാണ്. ടിക്കറ്റുകൾ വിറ്റുപോകുന്നതിനനുസരിച്ച് നിരക്ക് പിന്നെയും ഉയരും. മൂന്നോ നാലോ അംഗങ്ങളുള്ള കുടുംബത്തിന് നാട്ടിലൊന്നു വന്നുപോകണമെങ്കിൽ മൂന്നുലക്ഷത്തിലധികം രൂപ വേണ്ടിവരും. പലരും യാത്രതന്നെ വേണ്ടെന്നുവയ്ക്കും. എന്നാൽ അടിയന്തരാവശ്യങ്ങളുള്ളവർക്ക് വരാതിരിക്കാനാവില്ലല്ലോ. സമ്പാദ്യമത്രയും ചെലവഴിച്ച് അവർ നാട്ടിലേക്ക് വിമാനം കയറും. മലയാളികളാണ് വിമാനക്കമ്പനികളുടെ ചൂഷണത്തിന് ഏറ്റവുമധികം ഇരയാകാറുള്ളത്. മുപ്പത്തഞ്ചു ലക്ഷത്തോളമാണ് മലയാളി പ്രവാസികൾ. എല്ലാക്കാലത്തും അവർ വിമാനക്കമ്പനികൾക്ക് ചാകര തന്നെയാണ്. കേന്ദ്രത്തിൽ പിടിപാടുള്ള സംസ്ഥാനങ്ങളിൽ നിന്നു പ്രവാസികൾ ഏറെ ഉണ്ടായിരുന്നെങ്കിൽ എന്നേ ഈ വിഷയത്തിൽ ഒരു തീരുമാനമുണ്ടാകുമായിരുന്നു. ചൂഷണം ഏറ്റവും അധികം നേരിടേണ്ടിവരുന്നത് മലയാളികളായതിനാൽ അവരുടെ ശബ്ദം കേൾക്കാൻ ആരുമില്ല. സംസ്ഥാനത്തുനിന്ന് എട്ടു കേന്ദ്ര മന്ത്രിമാരുണ്ടായിരുന്നപ്പോൾ പോലും സ്ഥിതി ഇതുതന്നെയായിരുന്നു.
വിമാന നിരക്കു നിശ്ചയിക്കുന്നത് വിമാന കമ്പനികളുടെ സംഘടനയായതിനാൽ തങ്ങൾക്കു ഇടപെടാനാവില്ലെന്നു പറഞ്ഞ് കേന്ദ്രം ഒഴിഞ്ഞുമാറുന്നത് ശരിയായ നടപടിയല്ല. വിമാന നിരക്കു നിയന്ത്രിക്കാൻ എന്തെങ്കിലും ഒരു ഉപാധി കണ്ടുപിടിച്ചേ മതിയാകൂ. ഓണക്കാലമാണ് വരുന്നത്. വിമാന കമ്പനികൾ വലിയ വായയും തുറന്നിരിക്കുകയാണ്. വിമാനക്കമ്പനികളോടല്ല രാജ്യത്തെ ജനങ്ങളോടാണ് ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ടായിരിക്കേണ്ടത്.