കടയ്ക്കാവൂർ: നെടുങ്ങണ്ടയിൽ സി.സി ടിവി ക്യാമറകൾ പ്രവർത്തനരഹിതമായതോടെ പ്രദേശത്ത് ലഹരിവസ്തുക്കളുടെ വില്പനയും മോഷണവും സാമൂഹ്യവിരുദ്ധ ശല്യവും ഏറുന്നതായി പരാതി. പൊതുജന പങ്കാളിത്തത്തോടെ നെടുങ്ങണ്ട പുതിയപാലം മേഖലയിൽ സ്ഥാപിച്ച ക്യാമറകളാണ് യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ നശിച്ചത്. ക്യാമറകൾ കണ്ണടച്ചതോടെ ഈ പരിസര പ്രദേശങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും വ്യാപിച്ചിട്ടുണ്ട്. ഒപ്പം കഞ്ചാവ് വില്പനയും. ഈ പ്രദേശം കേന്ദ്രീകരിച്ച് അനവധി വില്പനക്കാരുണ്ടെന്നാണ് വിവരം. നെടുങ്ങണ്ട പുതിയപാലത്തിന് സമീപം കഞ്ചാവ് നട്ടു വളർത്തിയ സംഭവവും ഉണ്ടായിരുന്നു. എന്നാൽ ഇതിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അധികൃതർക്കിതുവരെ കഴിഞ്ഞിട്ടില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും ഇവിടെ നിന്ന് മോഷണം പോയ ക്യാമറ കണ്ടെത്താനും പൊലീസിനിതുവരെ ആയില്ല. അടിയന്തരമായി ക്യാമറകൾ പ്രവർത്തനയോഗ്യമാക്കാൻ പൊലീസും പഞ്ചായത്ത്‌ അധികൃതരും മുൻകൈ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ക്യാമറകൾ സ്ഥാപിച്ചത്

6 വർഷം മുൻപാണ് ലക്ഷങ്ങൾ വില വരുന്ന ആറോളം ക്യാമറകളും ഡി.വി.ആർ സംവിധാനങ്ങളുമുൾപ്പെടെ പൊതുജന സഹകരണത്തോടെ സ്ഥാപിച്ചത്. സി.സി ടിവി പ്രവർത്തനങ്ങൾക്കാവശ്യമായ വൈദ്യുതി, ഇന്റർനെറ്റ് തുടങ്ങിയവയ്ക്കുള്ള സാമ്പത്തികവും നൽകി വന്നിരുന്നത് പ്രദേശവാസികളുടെ നേതൃത്വത്തിലായിരുന്നു. എന്നാൽ നെടുങ്ങണ്ട പുതിയപാലം ഭാഗത്ത് സ്ഥാപിച്ച സി.സി ടിവി ക്യാമറകൾ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോൾ തന്നെ ഓരോന്നായി തകരാറിലാവാൻ തുടങ്ങി. ഇടയ്ക്കുണ്ടായ ഇടിമിന്നലിൽ ഡി.വി.ആർ സിസ്റ്റവും തകരാറിലായതോടെ ക്യാമറകളുടെ പ്രവർത്തനം പൂർണമായും നിലച്ചു. ഇതിനിടെ ഒരു ക്യാമറ മോഷണം പോവുകയും ചെയ്തു.

മിഴിയടച്ചിട്ട് നാലു വർഷത്തിലേറെ

ക്യാമറകൾ പൂർണമായും പ്രവർത്തനരഹിതമായിട്ട് നാലുവർഷത്തിലേറെയാവുന്നു. അതോടെ പ്രദേശത്താകെ ഉണ്ടായിരുന്ന നിരീക്ഷണ സംവിധാനവും നിലച്ചു. അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തതിനാൽ ഇനി ഇത് പൂർവസ്ഥിതിയിലാക്കണമെങ്കിൽ വൻതുക വേണ്ടിവരും. അതോടെ നാട്ടുകാരും ഇത് കൈയൊഴിഞ്ഞ മട്ടിലാണ്. എന്നാൽ ക്യാമറകൾ പ്രവർത്തിപ്പിക്കാൻ പഞ്ചായത്തിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയുമുണ്ടാവുന്നില്ലെന്ന ആക്ഷേപവുമുണ്ട്.