തിരുവനന്തപുരം:നഗരത്തിലെ തിരക്കേറിയ കണ്ണമ്മൂല - കുമാരപുരം റോഡിന്റെ പലയിടങ്ങളിലും ടാറിളകി അപകടക്കുഴിയായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതി.വളവുകൾ തിരിഞ്ഞുവരുന്ന യാത്രക്കാർ ശ്രദ്ധിക്കാതെ കുഴിയിൽ വീഴുകയും അപകടങ്ങളുണ്ടാകുകയും ചെയ്യുന്നുണ്ട്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. വേഗത്തിൽ വരുന്ന വാഹനങ്ങൾ കുഴി ശ്രദ്ധയിൽപ്പെടുമ്പോൾ പെട്ടെന്ന് ബ്രേക്കിടുമ്പോൾ നിയന്ത്രണം വിട്ടും അപകടമുണ്ടാകാറുണ്ട്.
ദിവസവും നിരവധി യാത്രക്കാർ കടന്നുപോകുന്ന റോഡാണിത്.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗികളുമായി ആംബുലൻസുകളും ഇതുവഴിയാണ് പോകുന്നത്.സ്ട്രീറ്റ് ലൈറ്റുകൾ തീരെയില്ലാത്ത ഈ പ്രദേശങ്ങളിൽ രാത്രിയിൽ വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്.
അപകടങ്ങൾ പതിവ്
കണ്ണമൂല - അവിട്ടം റോഡും ടാറിളകി കുഴിയായി കിടക്കുകയാണ്.രാവിലെയും വൈകിട്ടും ഇവിടെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.മഴയത്ത് കുഴിയിൽ കെട്ടിക്കിടക്കുന്ന ചെളിവെള്ളം ഇരുചക്ര വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും മേൽ തെറിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
ജോൺ കോക്സ് മെമോറിയൽ സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിക്ക് മുന്നിൽ,കണ്ണമൂല ജംഗ്ഷൻ തുടങ്ങിയ ഇടങ്ങളിലും വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.എത്രയും വേഗം കുഴികളടച്ച് റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.