തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിൽ
തിരുവനന്തപുരം:സെക്രട്ടേറിയറ്റിലെ സുരക്ഷാപഴുതുകൾ അടയ്ക്കാനും അഗ്നിസുരക്ഷയും കെട്ടിടസുരക്ഷയും ഉറപ്പിക്കാനും സെക്യൂരിറ്റി ഓഡിറ്റ് നടത്തുന്നു. പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ ആവശ്യപ്രകാരമാണിത്.സുരക്ഷാ ഓഡിറ്റിനായി ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി,സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി കമൻഡാന്റ്, മരാമത്ത് - കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എൻജിനിയർമാർ,കന്റോൺമെന്റ് അസി.കമ്മിഷണർ,ജില്ലാ ഫയർ ഓഫീസർ എന്നിവരടങ്ങിയ സാങ്കേതിക സമിതി രൂപീകരിച്ചു.
അടുത്തിടെ രണ്ട് തീപിടിത്തങ്ങളുണ്ടായിരുന്നു. കഴിഞ്ഞ മേയിൽ മന്ത്രി പി.രാജീവിന്റെ അഡി.പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയിലും 2020 ആഗസ്റ്രിൽ പ്രോട്ടോക്കോൾ വിഭാഗത്തിലുമാണ് തീപിടിച്ചത്. ഷോർട്ട്‌സർക്യൂട്ടാണ് കാരണമെന്നാണ് കണ്ടെത്തിയത്. സുരക്ഷാപഴുത് മുതലെടുത്ത് പ്രതിഷേധക്കാർ സെക്രട്ടേറിയറ്റ് വളപ്പിലും കെട്ടിടത്തിലും കയറുന്ന സ്ഥിതിയുണ്ടായിട്ടുണ്ട്. പ്രവേശനത്തിന് പാസ് നൽകുന്നത്, പാർക്കിംഗ്, അഗ്നിസുരക്ഷ എന്നിവയെല്ലാം വിലയിരുത്തും.
സെക്രട്ടേറിയറ്റിന്റെ സുരക്ഷാചുമതല സംസ്ഥാന വ്യവസായ സുരക്ഷാസേനയ്ക്കാണ്. നാലുഗേറ്റുകളിലും പ്രധാന ഓഫീസുകൾക്ക് മുന്നിലും സായുധസേനയുണ്ട്. കവാടങ്ങളിൽ സ്കാനറുകളുണ്ട്.പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായും മരാമത്ത്,ആഭ്യന്തര സെക്രട്ടറിമാരും സിറ്റി പൊലീസ് കമ്മിഷണറും അംഗങ്ങളായി സെക്യൂരിറ്റി കമ്മിറ്റിയുമുണ്ട്. സെക്രട്ടേറിയറ്റിന്റെ രണ്ട് അനക്സുകളിലെയും സുരക്ഷാക്രമീകരണങ്ങളും ഓഡിറ്റിൽ വിലയിരുത്തും.
ഓഡിറ്റ് നടത്തുന്നത്
പൊലീസ്,ആഭ്യന്തര - മരാമത്ത് വകുപ്പുകൾ,കെ.എസ്.ഇ.ബി,ഫയർഫോഴ്സ് എന്നിവ ചേർന്ന്
അപകടത്തിൽ
1)പഴഞ്ചൻ വൈദ്യുതി സംവിധാനങ്ങൾ അപകടമുണ്ടാക്കുമെന്ന ആശങ്ക നേരത്തേയുണ്ട്. നവീകരണത്തിനായി പലതരത്തിലുള്ള ഉപകരണങ്ങൾ സജ്ജമാക്കാറുണ്ട്. അതിനുള്ള വൈദ്യുതി താങ്ങാൻ വയറിംഗിന് കഴിയില്ലെന്ന് ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകിയെങ്കിലും പരിഹരിച്ചിട്ടില്ല.
2)പല വാതിലുകളും തുറക്കാൻ കഴിയാത്തവിധം സ്ഥിരമായി ബ്ളോക്ക് ചെയ്തിരിക്കുകയാണ്.അത്യാഹിതം സംഭവിച്ചാൽ പുറത്തേക്കുള്ള രക്ഷാമാർഗങ്ങളാണ് അടച്ചുവച്ചിരിക്കുന്നത്. ഫയർ എക്സ്റ്റിൻഗ്യൂഷറുകളും കുറവാണ്. ഇടയ്ക്കിടെ സുരക്ഷാറിപ്പോർട്ടുകൾ നൽകാറുണ്ടെങ്കിലും മതിയായ അറ്റകുറ്റപ്പണിയില്ല.
ഒന്നര നൂറ്റാണ്ട് പഴക്കം
1865: തിരുവിതാംകൂർ രാജാവ് തറക്കല്ലിട്ടു
1865: ആർക്കിടെക്ട് വില്യംബാർട്ടാണ് ചുമതല
1869: കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി.
1933: പുതിയ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി
1939: ദിവാൻ സി.പി.രാമസ്വാമിഅയ്യർ ഉദ്ഘാടനം ചെയ്തു
1949:സെക്രട്ടേറിയറ്റായി പുനർനാമകരണം ചെയ്തു.
1961:സൗത്ത്ബ്ലോക്ക് പണിതീർത്തു
1971:സൗത്ത് സാൻഡ്‌വിച്ച് ബ്ലോക്ക് പണിതു
1982:നോർത്ത് ബ്ലോക്ക് നിർമ്മിച്ചു
1995:ഒന്നാം അനക്സ് കെട്ടിടംനിർമ്മിച്ചു
1998:വരെ നിയമസഭയും ഈ മന്ദിരത്തിൽ
2016:രണ്ടാം അനക്സ് നിർമ്മാണം പൂർത്തിയായി