mbbs

വിദേശത്ത് എം.ബി.ബി.എസ് പഠിക്കാൻ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പോകുന്ന സംസ്ഥാനം കേരളമാണ്. ചൈന, യുക്രെയ്‌ൻ, ഫിലിപ്പൈൻസ്, മൊൾഡോവ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മുഖ്യമായും കുട്ടികൾ പോകുന്നത്. 2020-ലെ വിദേശ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 10.9 ലക്ഷം വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്ന് വിദേശ വിദ്യാഭ്യാസത്തിനായി പോയിട്ടുണ്ടെന്നാണ്. പക്ഷേ ഓരോ വർഷവും ഏറ്റവും കൂടുതൽ പേർ പ്രവേശനത്തിന് ശ്രമിക്കുന്നതും വിദ്യാർത്ഥികളുടെ എണ്ണം കൂടുന്നതും മെഡിക്കൽ സംബന്ധമായ എം.ബി.ബി.എസ് ഉൾപ്പെടെയുള്ള കോഴ്സുകൾക്കാണ്. 2014ന് ശേഷമാണ് കേരളത്തിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികൾ വിദേശങ്ങളിൽ മെഡിക്കൽ പഠനത്തിന് പോകാൻ തുടങ്ങിയത്. പിന്നീട് അതൊരു ട്രെൻഡായി മാറുകയായിരുന്നു.

കേരളത്തിൽ മെഡിക്കൽ ബിരുദത്തിന് മാനേജ്‌മെന്റ് സീറ്റിൽ പോലും കടന്നുകൂടാനുള്ള ബുദ്ധിമുട്ട്, വർദ്ധിച്ച ഫീസ് തുടങ്ങിയവയാണ് പ്രധാനമായും വിദേശ പഠനത്തെ ആശ്രയിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നത്. പത്തുവർഷത്തിനിടയിൽ വിദ്യാർത്ഥികളെ വിദേശത്തേക്ക് അയയ്ക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം സംസ്ഥാനത്ത് പതിൻമടങ്ങ് വർദ്ധിച്ചിട്ടുണ്ട്. ഏറ്റവും കൗതുകകരമായ കാര്യം ഇടത്തരക്കാരുടെ മക്കളാണ് കൂടുതലും വിദേശത്തേക്ക് പോകുന്നത് എന്നതാണ്. സമ്പന്നരുടെ മക്കൾ എൻ.ആർ.ഐ ക്വാട്ടയിലും മറ്റും നാട്ടിൽ തന്നെ സീറ്റ് ഒപ്പിക്കും. ഒരു കുടുംബത്തിന്റെ അതുവരെയുള്ള സമ്പാദ്യത്തിനു പുറമെ വായ്‌പയും മറ്റും തരപ്പെടുത്തിയാണ് അഞ്ച് വർഷത്തേക്ക് ഒരു കുട്ടിയെ മെഡിക്കൽ പഠനത്തിനായി വിദേശത്തേക്ക് അയയ്ക്കുന്നത്. കേരളത്തിൽ മെഡിക്കൽ പ്രവേശനത്തിന് എൻട്രൻസ് ടെസ്റ്റ് എഴുതി പരാജയപ്പെടുന്നവരും താരതമ്യേന കുറഞ്ഞ സ്കോർ നേടുന്നവരുടെയും അടുത്ത ഒരേ ഒരു ഓപ‌്‌ഷനാണ് വിദേശങ്ങളിലെ മെഡിക്കൽ പഠനം. ഫീസിന്റെയും ജീവിത ചെലവിന്റെയും കുറവിനാണ് ഭൂരിപക്ഷം പേരും മുഖ്യ പരിഗണന നൽകി അതനുസരിച്ചുള്ള രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നത് .

കേരളത്തിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ മാനേജ്‌‌മെന്റ് സീറ്റിൽ അഞ്ച് വർഷത്തെ പഠനം ഒരു വിദ്യാർത്ഥി പൂർത്തിയാക്കുമ്പോൾ ഒരു കോടി രൂപയോളം ചെലവാകും. വിദേശത്ത് പോയി പഠിക്കുന്നവർക്ക് ഇത് അൻപതിനും എൺപതു ലക്ഷത്തിനും ഇടയിൽ സാദ്ധ്യമാകും. ഇങ്ങനെ വിദേശത്ത് പോയി പഠനം പൂർത്തിയാക്കുന്നവർ ഇന്ത്യയിലെ യോഗ്യതാ പരീക്ഷ പാസായാൽ മാത്രമേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ രജിസ്ട്രേഷൻ ലഭിക്കൂ. മനഃപ്പൂർവം വിദ്യാർത്ഥികളെ തോൽപ്പിക്കുന്നതിന് വേണ്ടി അതികഠിനമായ രീതിയിലാണ് ഈ പരീക്ഷ നടത്തുന്നതെന്ന ആക്ഷേപം ഉയർന്നിരിക്കുകയാണ്. ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് എക്സാമിനേഷൻ എന്നാണ് ഈ പരീക്ഷയുടെ പേര്. കഴിഞ്ഞ തവണ ന‌ടത്തിയ പരീക്ഷയിൽ 21.52 ശതമാനം പേർ മാത്രമാണ് വിജയിച്ചത്. പരീക്ഷ എഴുതിയ പല വിദ്യാർത്ഥികളും ആവർത്തിച്ച് പരാജയപ്പെടുന്നതിനാൽ ആത്മഹത്യയുടെ വക്കിലാണെന്നാണ് ഇവരുടെ രക്ഷിതാക്കളുടെ സംഘടന പറയുന്നത്. വിഷയത്തിലുള്ള അറിവിനേക്കാൾ ഇന്ത്യയിൽ മെഡിക്കൽ പ്രാക്ടീസ് നടത്തുന്നതിനുള്ള പ്രക്രിയയെപ്പറ്റിയായിരിക്കണം ഇത്തരം പരീക്ഷകളിൽ കൂടുതൽ ഊന്നൽ നൽകേണ്ടത്. കേരളത്തിൽ നിന്ന് പഠിച്ച് വിദേശങ്ങളിലേക്ക് പോകുന്നവരും അതാത് നാട്ടിലെ ഇത്തരം പരീക്ഷകൾ എഴുതി പാസാകാറുണ്ട്. ചൈനയിൽ പ്രശസ്തമായ സർവകലാശാലയിൽ നിന്ന് 94 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥിനിക്ക് രണ്ട് തവണ എഴുതിയിട്ടും എഫ്.എം.ജി.ഇ പരീക്ഷ എഴുതിയെടുക്കാനായിട്ടില്ലെന്നത് ഞങ്ങൾ ഇന്നലെ വിദേശ എം.ബി.ബി.എസ്സുകാർ ആത്മഹത്യാ വക്കിൽ എന്ന തലക്കെട്ടിൽ നൽകിയ വാർത്തയിൽ വിവരിച്ചിട്ടുണ്ട്.

ഒന്നാമത് ഈ പരീക്ഷ അതീവ കഠിനമാകാൻ പാടില്ല. വിഷയത്തിലുള്ള അവരുടെ അടിസ്ഥാനപരമായ അറിവ് അളക്കാൻ മാത്രമേ തുനിയാവൂ. ഇപ്പോൾ സിലബസ്, ചോദ്യങ്ങൾ, ഉത്തര സൂചിക തുടങ്ങിയവ വെളിപ്പെടുത്താതെ രഹസ്യമായാണ് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ മെഡിക്കൽ സയൻസ് പരീക്ഷ നടത്തുന്നത്. ലഭിച്ച മാർക്ക് വെളിപ്പെടുത്തില്ല. പുനർമൂല്യനിർണയത്തിനും അവസരമില്ല. ഇതൊന്നും ശരിയല്ല. നീറ്റ് പരീക്ഷയുടെ നടത്തിപ്പിൽ ഇടപെട്ട സുപ്രീംകോടതിയുടെ ശ്രദ്ധ ഈ വിഷയത്തിലും പതിയാൻ വേണ്ടി രക്ഷിതാക്കളും വിദ്യാർത്ഥികളും ശ്രമങ്ങൾ നടത്തണം. അല്ലാതെ ആരു പറഞ്ഞാലും അധികൃതർ ഇതിലൊന്നും ഒരു മാറ്റവും വരുത്തില്ല. നീറ്റ് പോലെ സുതാര്യമായി ഈ പരീക്ഷയും നടത്തണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം തികച്ചും ന്യായമായതാണ്.