തിരുവനന്തപുരം : സംരക്ഷണ പദ്ധതികൾക്കായി കോടികൾ ചെലവഴിച്ചിട്ടും ആക്കുളം കായൽ ഇപ്പോഴും പോളയും പായലും നിറഞ്ഞ് നാശത്തിലേക്ക്. കായലിന്റെ സൗന്ദര്യം വീണ്ടെടുക്കാൻ പ്രഖ്യാപിച്ച പുനരുജ്ജീവന പദ്ധതി ലക്ഷ്യം കണ്ടിട്ടില്ല. 2018ൽ 64 കോടി പ്രഖ്യാപിച്ച പദ്ധതി ഹൈദരാബാദിലെ കരാർ കമ്പനി ഉടക്കിട്ടതോടെ ഇഴയുകയായിരുന്നു.
ഇതോടെ 2022ൽ പദ്ധതി പുതുക്കി 96 കോടി രൂപയാക്കിയെങ്കിലും മുന്നോട്ടുപോയിട്ടില്ല. ഈ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്.

ടൂറിസം വികസനം,കായൽ സംരക്ഷണം എന്നുതുടങ്ങി മത്സ്യ സമ്പത്തിന്റെ പരിപോഷണം എന്നിവയടക്കം വിഭാവനം ചെയ്ത പദ്ധതിയാണിത്. പദ്ധതി പൂർത്തിയായാലും 15 വർഷത്തോളം കായലിന്റെ പരിപാലനം കമ്പനി നടത്തണമെന്ന കരാറിന്മേൽ ടൂറിസം വകുപ്പിന്റെ അന്തിമ തീരുമാനം ഉണ്ടാകാത്തതാണ് നീളാൻ കാരണം.
നിലവിൽ കായലിനോട് ചേർന്നുള്ള വിശ്രമസ്‌ഥലം കാടുകയറിയ നിലയിലാണ്.കായലിലെ വെള്ളം പോളകൾ അഴുകിച്ചേർന്ന് കറുത്ത നിറത്തിലായിട്ടുണ്ട്.

പദ്ധതിക്കായി പ്രഖ്യാപിച്ചത് -

2018ൽ 64 കോടി

2022ൽ പുതുക്കിയത് 96 കോടി

12 വർഷം മുൻപ്

പോള നീക്കുന്നതിനും ചെളി വാരുന്നതിനും നടപ്പാത നിർമാണത്തിനുമായി 27.35 കോടി രൂപയാണ് 12 വർഷം മുൻപ് ചെലവാക്കിയത്. പിന്നീടൊന്നും നടന്നില്ല.

ബോട്ട് തകരാറിൽ

പായൽ മൂടിയ കായലിൽ തകരാറിലായ ഒരു ബോട്ട് കിടപ്പുണ്ട്. 5 വർഷം മുൻപ് ഓണക്കാലത്ത് സർവീസ് ആരംഭിച്ച ബോട്ടുകളിൽ ഒന്നാണിതെങ്കിലും ഒരു മാസത്തെ സർവീസ് നടത്തിയതോടെ ബോട്ട് തകരാറിലായിരുന്നു.