തിരുവനന്തപുരം: ഇടുക്കി മെഡിക്കൽ കോളേജിൽ ആറ് വർഷം മുടങ്ങിപ്പോയ പുതിയ ബാച്ചിന്റെ പഠനം സാദ്ധ്യമാക്കുന്നതിലും കോളേജിന്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും മുഖ്യപങ്കുവഹിച്ചത് ഇന്നലെ അന്തരിച്ച ഡോ.മീന ശ്യാമായിരുന്നു.
മതിയായ സൗകര്യങ്ങൾ ഇല്ലെന്ന കാരണത്താൽ
2016ലാണ് എം.ബി.ബി.എസ് ബാച്ചിന്റെ പ്രവേശനം മെഡിക്കൽ കൗൺസിൽ തടഞ്ഞത്. കോളേജിന്റെ അംഗീകാരവും റദ്ദാക്കി. 2022ലാണ് ഡോ. മീന പ്രിൻസിപ്പാളായി എത്തിയത്. ആ വർഷം നവംബറിൽ നൂറ് വിദ്യാർത്ഥികൾക്ക് പ്രവേശനം സാദ്ധ്യമാക്കുന്ന വിധത്തിൽ കോളേജിനെ സജ്ജമാക്കി.മെഡിക്കൽ കോളേജിന് അംഗീകാരം തിരിച്ചുകിട്ടി.
പുതിയ ആശുപത്രി ബ്ലോക്ക്, പുതിയ അത്യാഹിത വിഭാഗം, എമർജൻസി ഓപ്പറേഷൻ തിയേറ്റർ, പൂർണ സജ്ജമായ മെഡിക്കൽ, സർജിക്കൽ ഐ.സി.യു, വിപുലമായ ലബോറട്ടറി സംവിധാനം എന്നിവ പൂർത്തിയാക്കിയത് ഡോ.മീനയുടെ മേൽനോട്ടത്തിലായിരുന്നു.
മികച്ച ആശുപത്രികളോ ആധുനിക ചികിത്സാ സംവിധാനങ്ങളോ ലഭ്യമല്ലാതിരുന്ന ഹൈറേഞ്ചിലെ സാധാരണക്കാർക്ക് മെഡിക്കൽ കോളേജ് അനുഗ്രഹമായി മാറി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവിയായിരിക്കേയാണ് ഇടുക്കിയിലേക്ക് എത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഈ വിഭാഗത്തിലെ ആധുനിക വത്കരണത്തിന് നൽകിയ സംഭാവനയും ചെറുതല്ല. ആധുനിക യന്ത്രസംവിധാനങ്ങൾ എത്തിക്കാൻ കഴിഞ്ഞു.മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ സ്പെഷ്യൽ ഓഫീസറായി സേവനമനുഷ്ടിച്ചപ്പോഴും ആ വിഭാഗം മെച്ചപ്പെടുത്തുന്നതിൽ ജാഗ്രത പുലർത്തിയിരുന്നു.മേയിൽ ജോലിയിൽ നിന്ന് വിരമിച്ചു.രണ്ട് മാസം തികയും മുൻപേയാണ് ആക്സമിക വിയോഗം.
കൊല്ലം മയ്യനാട് സ്വദേശിയാണ് ഡോ.മീന ശ്യാമും ഭർത്താവ് ഡോ.ശ്യാം കെ.രമേശും.15 വർഷം മുൻപാണ് കൊല്ലത്ത് നിന്ന് തലസ്ഥാനത്തേക്ക് താമസം മാറിയത്.ഇന്നലെ തിരുവനന്തപുരത്തെ വസതിയിൽ സഹപ്രവർത്തകരും ശിഷ്യരും അടക്കം ഒട്ടേറെപ്പേർ അന്ത്യാഞ്ജലി അർപ്പിച്ചു.