hi

കിളിമാനൂർ: പ്രദേശത്ത് കാടുമൂടിയ പറമ്പുകളിൽ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രങ്ങളാകുന്നു. പഴയകുന്നുമ്മൽ പഞ്ചായത്തിലെ മഹാദേവേശ്വരം,മഞ്ഞപ്പാറ വാർഡുകളിലെ നൂറ്റി ഇരുപത്തിയഞ്ചോളം കുടുംബങ്ങളാണ് കാട്ടുമൃഗങ്ങളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നത്. ഇവിടെ കൃഷി ചെയ്ത് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന കർഷകർ ഇന്ന് കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. കാടുമൂടിയ സ്ഥലങ്ങളിൽ തമ്പടിച്ചിരിക്കുന്ന ഇഴജന്തുക്കളും കാട്ടുപന്നികളും കാരണം പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ.

 നടപടിയില്ല...

ആളൊഴിഞ്ഞ് കാടുമൂടിക്കിടക്കുന്ന പുരയിടങ്ങൾ വൃത്തിയാക്കണമെന്ന് ചൂണ്ടിക്കാട്ടി പലതവണ കുഴിവിള റെസിഡന്റ്സ് അസോസിയേഷനും, പ്രദേശവാസികളും ഉടമകളോട് പരാതി പറഞ്ഞിട്ടും നടപടി മാത്രമില്ലെന്നാണ് ആക്ഷേപം.

ബന്ധപ്പെട്ട അധികാരികൾ വേണ്ട നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്

 പേടിയോടെ യാത്രക്കാർ

വിവിധ ആവശ്യങ്ങൾക്കായി ജനങ്ങൾ വരുന്ന കിളിമാനൂർ സിവിൽ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ സമീപത്തൂടെയുള്ള തൊളിക്കുഴി റോഡിനിരുവശവും കാടുകയറി വനം പോലെയായിരിക്കുകയാണ്. ഇതുകാരണം ഇവിടെ എത്തുന്നവർക്കും പാമ്പുൾപ്പെടെയുള്ളവയുടെ ഭീഷണിയും പന്നി, കുരങ്ങ് എന്നിവയുടെ ആക്രമണവും ഉണ്ടാകുന്നുണ്ട്. ഇതുകാരണം സമീപവാസികൾക്ക് വ്യാപക കൃഷിനാശവും വീടിനു പുറത്തിറങ്ങാനും പറ്റാത്ത അവസ്ഥയാണ്. രാത്രി യാത്രക്കാർ ഏറെ ഭീതിയോടെയാണ് ഈ വഴി പോകുന്നത്.