ശിവഗിരി: ശിവഗിരിയിൽ ഇന്നലെ ആയിരങ്ങൾ ബലിതർപ്പണം നടത്തി. ശിവഗിരിമഠം ആചാര്യൻ സ്വാമി ശിവനാരായണ തീർത്ഥ ചൊല്ലിക്കൊടുത്ത മന്ത്രം വിശ്വാസികളുടെ കണ്ഠങ്ങളിൽ ഉയർന്നത്തോടെ ശിവഗിരി കുന്നും പരിസരപ്രദേശങ്ങളും ഭക്തിസാന്ദ്രമായി. ശിവഗിരി മഠത്തിലെ മനോജ് തന്ത്രി,സനൽതന്ത്രി,രാമാനന്ദൻ ശാന്തി,ഉണ്ണി ശാന്തി തുടങ്ങിയവർ വൈദിക ചടങ്ങുകളിൽ പങ്കാളികളായി. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ മാർഗനിർദ്ദേശവും നൽകി. പ്രത്യേക കൗണ്ടറുകളുടെ സംവിധാനം ബലിതർപ്പണത്തിനെത്തിയവർക്ക് സഹായമായി.
അതേസമയം,ബലിതർപ്പണാനന്തരം ശാരദാമഠം,വൈദിക മഠം,മഹാസമാധിപീഠം എന്നിവിടങ്ങളിലെത്തി പ്രാർത്ഥന നടത്തിയാണ് ഭക്തർ മടങ്ങിയത്. എത്തിച്ചേർന്നവർക്കെല്ലാം ഗുരുപൂജാഹാളിൽ പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് ആവശ്യമായവർക്ക് ഗുരുപൂജാ പ്രസാദവും ക്രമീകരിച്ചിരുന്നു. ശിവഗിരി മഠത്തിന്റെ വിവിധ ശാഖകളിലും ബലിതർപ്പണത്തിനായി മുൻ വർഷങ്ങളിലേതിനേക്കാൾ വിശ്വാസികൾ എത്തി. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവരുടെ മാർഗനിർദ്ദേശത്തിലാണ് ആശ്രമ സെക്രട്ടറിമാർ അതത് കേന്ദ്രങ്ങൾക്ക് നേതൃത്വം നൽകി.