തിരുവനന്തപുരം: കർക്കടക വാവുബലി ദിനമായ ഇന്നലെ തലസ്ഥാനത്തും ജില്ലയിലെ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും പിതൃക്കൾക്ക് ബലിതർപ്പണം നടത്തി പതിനായിരങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ പ്രധാന കേന്ദ്രങ്ങളായ തിരുവല്ലത്ത് 25000 പേരും ശംഖുംമുഖത്ത് 7000 പേരും കഠിനംകുളത്ത് 5000 പേരും തർപ്പണത്തിനെത്തി. ബലിതർപ്പണ കേന്ദ്രങ്ങളിൽ അർദ്ധരാത്രി മുതൽ ജനത്തിരക്ക് അനുഭവപ്പെട്ടു.

തിരുവല്ലത്ത് ബലിയിടാനെത്തിയവരുടെ നിര ഒരു കിലോമീറ്ററിലേറെ നീണ്ടു.അരുവിപ്പുറം ശിവക്ഷേത്രം,മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിൽ നെയ്യാറിലെ കടവുകളിൽ പിതൃതർപ്പണം നടന്നു. വർക്കല ശിവഗിരിമഠത്തിലെ ശാരദാസന്നിധിയിൽ രാവിലെ മുതൽ ബലിതർപ്പണം നടന്നു.ആറ്റിങ്ങൽ പൂവമ്പാറ ക്ഷേത്രം, കൊല്ലമ്പുഴ ആവണിപുരം ക്ഷേത്രം, നെയ്യാറ്റിൻകരയ്ക്ക് സമീപം രാമേശ്വരം മഹാദേവക്ഷേത്രം,നെയ്യാറിന് തീരത്തുള്ള ക്ഷേത്രക്കടവുകൾ,ക്ഷേത്രക്കുളങ്ങൾ, പൂവാർ കടപ്പുറം എന്നിവിടങ്ങളിലും, അതിർത്തിക്കപ്പുറം വാവുബലി ചന്തകൂടുന്ന കുഴിത്തുറ താമ്രപർണി നദിയിലും തീരത്തെ ക്ഷേത്രങ്ങളിലും നിരവധിപേർ തർപ്പണം നടത്തി.

തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ഒൻപത് ബലി മണ്ഡപങ്ങളിലായി ഒരേസമയം 3,500 പേർക്ക് തർപ്പണത്തിന് സൗകര്യമൊരുക്കിയിരുന്നു. കഠിനംകുളം മഹാദേവക്ഷേത്രം,വെള്ളായണി തൃക്കുളങ്ങര മഹാവിഷ്ണുക്ഷേത്രം, വെള്ളായണി ശിവോദയം ശിവക്ഷേത്രം, വേളി പൊഴിക്കര മഹാഗണപതിക്ഷേത്രം, കൈമനം ചിറക്കര മഹാവിഷ്ണുക്ഷേത്രം,​ തമലം മഹാവിഷ്ണുക്ഷേത്രം,​ ​ തൃക്കണ്ണാപുരം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം,​ഊക്കോട് വേവിള മഹാവിഷ്ണുക്ഷേത്രം,​ കാക്കാമൂല കുളങ്ങര മഹാവിഷ്ണു ക്ഷേത്രം,​ പേരൂർക്കട മണികണ്ഠേശ്വരം ക്ഷേത്രക്കടവിൽ (മണ്ണാമ്മൂല പാലത്തിന് സമീപം),​ തിരുമല കുണ്ടമൺഭാഗം ദേവീക്ഷേത്രം​ തുടങ്ങിയിടങ്ങളിലും ബലിതർപ്പണത്തിന് സജ്ജീകരണങ്ങളൊരുക്കിയിരുന്നു. കടൽ പ്രക്ഷുബ്ധമായ ശംഖുംമുഖത്ത് പൊലീസ്,ഫയർഫോഴ്സ്, തീരസംരക്ഷണ സേന,സ്‌കൂബ ഡൈവേഴ്സ്,നാവികസേന എന്നിവ സംരക്ഷണമൊരുക്കി.

തീരത്ത് ബാരിക്കേഡ് സ്ഥാപിച്ച് ആളുകൾ കടലിൽ ഇറങ്ങുന്നത് വിലക്കിയിരുന്നു.
തർപ്പണത്തിന് ശേഷം കുളിക്കുന്നതിനായി തീരത്ത് ഷവറുകൾ ഒരുക്കിയിരുന്നു. ശംഖുംമുഖം ദേവീക്ഷേത്രത്തിന്റെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ ബലിപ്പുരകളിലായിരുന്നു കർമങ്ങൾ നടന്നത്.