oolanku

മുടപുരം: പൊട്ടിത്തകർന്ന് വഴിനടക്കാൻ കഴിയാത്ത മുട്ടപ്പലം ഊളൻകുഴി റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ഉയരുന്നു. ശക്തമായ മഴയും വിവിധ ഇടങ്ങളിലെ പൈപ്പ് പൊട്ടലും മൂലമാണ് റോഡ് ഇത്രയും തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. അഴൂർ ഗ്രാമ പഞ്ചായത്തിലെ 8ാം വാർഡിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. മുടപുരം -മുട്ടപ്പലം റോഡിലെ പാനയം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച്പഞ്ചായത്ത് പൊതുകിണർ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അവസാനിക്കുന്നതാണ് ഈ റോഡ്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള അൻപതില്പരം വീട്ടുകാരുടെ ഏക ആശ്രയമാണ് ഈ റോഡ്. 13 വർഷം മുമ്പ് ഗ്രാമ പഞ്ചായത്ത് കോൺക്രീറ്റ് ചെയ്ത് ഈ റോഡ് ഗതാഗത യോഗ്യമാക്കിയിരുന്നു. കാലപ്പഴക്കം മൂലം നേരത്തെ തന്നെ പല ഭാഗങ്ങളിലും കോൺക്രീറ്റ് ഇളകി ഗട്ടറുകൾ രൂപപ്പെട്ടിരുന്നു. ഇപ്പോൾ മഴവെള്ളം തുടർച്ചയായി റോഡിലൂടെ തോട് പോലെ ഒഴുകുി റോഡിന്റെ രണ്ട് സ്ഥലം കോൺക്രീറ്റ് പാടെ ഇളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്.

 വഴിനടക്കാൻ വയ്യ
വാട്ടർ അതോറിട്ടിയുടെ കുടിവെള്ളപൈപ്പ് പലസ്ഥലങ്ങളിലും പൊട്ടി ആഴ്ചകളും മാസങ്ങളും കഴിഞ്ഞാലും അത് ശരിയാക്കില്ല. ഇതുമൂലവും റോഡ് തകരുന്നതും പതിവാണ്. പൊട്ടിയ പൈപ്പ് ശരിയാക്കിയാലും ആഭാഗം കോൺക്രീറ്റ് ചെയ്യാനോ നന്നാക്കാനോ ആരും തയ്യാറാകാറില്ല. കോൺക്രീറ്റും മണ്ണും ഇളകിക്കിടക്കുന്നത് യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നു. ഇതുമൂലം വാഹന ഗതാഗതവും കാൽനട യാത്രയും സാദ്ധ്യമല്ലാതായി.