തിരുവനന്തപുരം: തൊഴിൽ വിഷയങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ മുൻഗണന നൽകണമെന്ന് എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ . സപ്ലൈകോയ്ക്ക് ഫണ്ട് അനുവദിക്കാത്ത നിലപാട് ഭക്ഷ്യവകുപ്പിനോടുള്ള അവഗണനയും വെല്ലുവിളിയുമാണെന്ന് യോഗം ആരോപിച്ചു. ഇത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും വിലയിരുത്തി. വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് പരമാവധി സഹായം നൽകാൻ തൊഴിലാളികളോട് അഭ്യർത്ഥിച്ചു. ക്ഷേമ പദ്ധതി ആനുകൂല്യങ്ങളും ക്ഷേമപെൻഷനുകളും കുടിശ്ശിക നൽകുന്നതുൾപ്പെടെയുള്ള നടപടികൾ സർക്കാർ അടിയന്തരമായി നടപ്പാക്കണം. യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ റിപ്പോർട്ടും കാമ്പയിനുകളും വിശദീകരിച്ചു.