തിരുവനന്തപുരം:വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ
ചൂരൽമലയിലെയും മുണ്ടക്കൈയിലേയും ദുരിതബാധിതർക്കായി ജില്ലയിലെ സുരക്ഷിത മേഖലയിൽ സർക്കാർ ടൗൺഷിപ്പ് നിർമ്മിക്കും.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന 10,042 പേർക്ക് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രത്യാശ പകർന്നു. വീട് നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും വീട് എന്നതാണ് ലക്ഷ്യം.
സർക്കാർ നിർമ്മിക്കുന്ന വീടുകൾക്ക് പുറമേ, രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യവസായ പ്രമുഖരും സന്നദ്ധ സംഘടനകളും വ്യക്തികളും വാഗ്ദാനം ചെയ്ത വീടുകൾ പദ്ധതിയുടെ ഭാഗമാക്കും. വാഗ്ദാനം ചെയ്തിരിക്കുന്ന തുകകളും വിനിയോഗിക്കും.
അതിവേഗം മാതൃകാപരമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തകർന്ന വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ അടിയന്തര സൗകര്യമൊരുക്കും.ഇതിനായി വിദ്യാഭ്യാസമന്ത്രി ഉടൻ വയനാട്ടിലെത്തും.
ഭവന വാഗ്ദാനം
അഞ്ഞൂറിലേക്ക്
# സംസ്ഥാന പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ച 25 വീടുകൾ ഉൾപ്പെടെ രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തത് 100 വീടുകൾ
# കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകൾ. ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകൾ. കോഴിക്കോട്ടെ വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകൾ.
# നാഷണൽ സർവീസ് സ്കീം 150 വീടുകൾ. വേൾഡ് മലയാളി കൗൺസിൽ 14 വീടുകൾ. കോട്ടയ്ക്കൽ ആര്യവൈദ്യശാല 10 വീടുകൾ.
# കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യയാരും വീടുകൾ വാഗ്ദാനം നൽകിയിട്ടുണ്ട്. ഫ്രൂട്ട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി 10ഏക്കർ ഭൂമിയേറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതൽ 15 വരെ കുടുംബങ്ങൾക്ക് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
# കിട്ടിയ മൃതദേഹങ്ങൾ 215,
കാണാമറയത്ത് 206 പേർ
# രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 215 മൃതദേഹങ്ങൾ കണ്ടെടുത്തു.206 പേരെ കണ്ടെത്താനുണ്ട്. 81പേർ ആശുപത്രികളിലുണ്ട് .
# 67 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല.
# ജീവന്റെ ഒരുതുടിപ്പെങ്കിലും ഉണ്ടെങ്കിൽ രക്ഷിക്കാനാണ് ശ്രമം.ചാലിയാറിൽ കണ്ടെത്തുന്ന മൃതദേഹങ്ങൾ തിരിച്ചറിയാനാകുന്നില്ല. 16 അടിതാഴ്ചയിൽവരെ # ജീവന്റെ അംശം കണ്ടെത്താനാകുന്ന ഹ്യൂമൻ റെസ്‌ക്യൂ റഡാർ എത്തിച്ചിട്ടുണ്ട്. മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ കണ്ടെത്താനായി ഡൽഹിയിൽ നിന്നു ഡ്രോൺ ബേസ്ഡ് റഡാർ ഉടനെത്തും.