തിരുവനന്തപുരം: കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാൻ വിവിധ വകുപ്പുകളും നഗരസഭയും നിർദേശങ്ങൾ സമർപ്പിച്ചു.

ഓടകളുടെ പുനർനിർമ്മാണമാണ് നഗരസഭ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്.

200 കോടി രൂപയുടെ പദ്ധതിയിൽ 150 കോടിയും കേന്ദ്രം തരും.

കേരള ദുരന്ത നിവാരണ അതോറിട്ടിക്കാണ് ഏഴ് വകുപ്പുകൾ നിർദ്ദേശം സമർപ്പിച്ചത്.ഉൾനാടൻ ജലഗതാഗതവകുപ്പ്,​തിരുവനന്തപുരം നഗരസഭ,​ജലസേചന വകുപ്പ്,​പൊതുമരാമത്ത് വകുപ്പ്,​തദ്ദേശ വകുപ്പ് എൻജിനീയറിംഗ് വിഭാഗം,​ടൗൺപ്ളാനിംഗ് വിഭാഗം,​വാട്ടർ അതോറിട്ടി എന്നിവ

വെള്ളപ്പൊക്കം തടയുന്നതിന് അവർ എന്തൊക്കെ ചെയ്യാമെന്ന നിർദ്ദേശങ്ങളടക്കമാണ് സമർപ്പിച്ചിരിക്കുന്നത്.

നിർദ്ദേശം പഠിക്കാൻ പ്രത്യേക വിഭാഗത്തെ ദുരന്ത നിവാരണ അതോറിട്ടി നിയോഗിച്ചു.ഏറ്റവും അനുയോജ്യമായ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് കേന്ദ്രത്തിന് അയക്കും. കേന്ദ്രമാണ് പദ്ധതി തീരുമാനിച്ച് നൽകുന്നത്.

ഓടകളുടെ

പുനർനിർമ്മാണം

പലയിടത്തും രാജഭരണകാലത്ത് നിർമ്മിച്ച ഓടകളാണ്.കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞ് വീതിയും കുറഞ്ഞിട്ടുണ്ട്. അതിന്റെയൊക്കെ പുനർനിർമ്മാണം അത്യാവശ്യമാണെന്നാണ് നഗരസഭയുടെ നിർദ്ദേശം.100 വാർഡിൽ 50 വാർഡിൽ താഴെ മാത്രമേ കൃത്യമായ ഓട സംവിധാനമുള്ളൂ.

കരിയിൽ,​ തെറ്റിയാർ തോടുകൾ നവീകരിച്ച് ഒഴുക്ക് സുഗമമാക്കണമെന്നാണ് ജലസേചന വകുപ്പിന്റെ നിർദ്ദേശം.

200 കോടിയുടെ പദ്ധതി

തിരുവനന്തപുരം നഗരത്തിലെ മഴയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ടുള്ള ദുരന്തങ്ങളടക്കം നേരിടാനുള്ള ശേഷി വർദ്ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ ദുരിതനിവാരണ പ്രവർത്തനങ്ങൾക്കായി (2021-2026 സാമ്പത്തിക വർഷം വരെ) 2500 കോടിയാണ് വകയിരുത്തിയത്.

തിരുവനന്തപുരം ഉൾപ്പെടെ ഒൻപത് നഗരങ്ങൾക്ക് 1800 കോടി അനുവദിച്ചു. ഓരോ നഗരവും 200 കോടിയുടെ പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കണം. അതിൽ 150 കോടിയാകും കേന്ദ്ര സർക്കാർ നൽകുന്നത്.