ചിറയിൻകീഴ്: റെയിൽവേഗേറ്റ് മേൽപ്പാല നിർമ്മാണം അനന്തമായി നീളുന്നതിൽ കഷ്ടപ്പെട്ട് നാട്ടുകാരും യാത്രക്കാരും. 2021 ജനുവരി 23നാണ് നിർമ്മാണോദ്ഘാടനം നടന്നത്. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. 800 മീറ്റർ നീളത്തിലും 8 മീറ്റർ വീതിയിലും പാലം പണിയാനായിരുന്നു തീരുമാനം. ഇതിനായി കിഫ്ബിയിൽ നിന്ന് 25 കോടി വകയിരുത്തി. നിലവിൽ 75 ശതമാനത്തോളം പണികൾ പൂർത്തിയായി. ബാക്കിയുള്ളവയാണ് വർഷങ്ങളായി ഇഴയുന്നത്.
സംസ്ഥാനത്തുടനീളം നിർമ്മിക്കുന്ന 10 മേൽപ്പാലങ്ങളുടെ കരാർ കൊടുത്തിരിക്കുന്നത് ഒരാൾക്കാണ്. മറ്റിടങ്ങളിലെ പണികൾ പുരോഗമിക്കുന്നതിനാൽ കരാറുകാരന് ഇവിടേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്തതാണ് നിർമ്മാണത്തെ ഇഴയ്ക്കുന്നത്. നിർമ്മാണത്തിന്റെ ഭാഗമായി ചിറയിൻകീഴ്- കടയ്ക്കാവൂർ റോഡ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. നിലവിൽ ശാർക്കര വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്. ശാർക്കര റെയിൽവേ ഗേറ്റിലും ശാർക്കര- പണ്ടകശാല റോഡിലും വൻ ഗതാഗത കുരുക്കാണ് നിലവിൽ അനുഭവപ്പെടുന്നത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികളെ തലച്ചുമടായി എടുത്താണ് റെയിൽവേ ഗേറ്റ് കടത്തുന്നത്.
വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്
മേൽപ്പാല നിർമ്മാണം അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് നാളെ വ്യാപാരിവ്യവസായി ഏകോപന സമിതി ചിറയിൻകീഴ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കടകളടച്ച്, പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കും. യാത്രക്ലേശം വാണിജ്യസ്ഥാപനങ്ങളിലെ കച്ചവടത്തെ സാരമായി ബാധിച്ചു. കച്ചവടം കുറവായതോടെ പലരും ജീവനക്കാരുടെ എണ്ണവും ചെലവുകളും ഗണ്യമായി കുറച്ചാണ് നിലനിൽക്കുന്നത്. തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന അവസ്ഥയായതിനാലാണ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതെന്ന് യൂണിറ്റ് പ്രസിഡന്റ് അനിൽ ചാമ്പ്യൻസ് പറഞ്ഞു.
നിർമ്മാണ പ്രവർത്തനങ്ങൾ
റെയിൽവേ ലൈനിന് മുകളിലൂടെ ഗർഡറുകൾ സ്ഥാപിച്ചെങ്കിലും റെയിൽവേ ഗേറ്റിന് ഇരുവശങ്ങളിലുമുള്ള ബ്രിഡ്ജിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. ഗേറ്റ് മുതൽ പണ്ടകശാല വരെയുള്ള ഭാഗത്താണ് ഇനി നിർമ്മാണം നടക്കേണ്ടത്. ബീമുകൾ ബന്ധിപ്പിച്ചുകൊണ്ടുള്ള കോൺക്രീറ്റ്, പാർശ്വഭിത്തി നിർമ്മാണം, ലാൻഡിംഗ് അടക്കമുള്ളവ പൂർത്തിയാകാനുണ്ട്. സർവീസ് റോഡും എങ്ങുമെത്തിയിട്ടില്ല.