നാഗർകോവിൽ : ത്രിവേണി സംഗമത്ത് ബലിയിട്ട് സാഗരസ്നാനം നടത്താൻ ഇന്നലെ പുലർച്ചെ മുതൽ ജനപ്രവാഹമായിരുന്നു. കേരളത്തിൽ ശനിയാഴ്ചയായിരുന്നു ബലിതർപ്പണമെങ്കിൽ തമിഴ്‌നാട്ടിൽ ഇന്നലെയാണ് തമിഴ്‌മക്കൾ പിതൃക്കൾക്ക് ബലിതർപ്പണം നടത്തിയത്.കേരളത്തിൽ നിന്നു ധാരാളം പേർ ബലിതർപ്പണത്തിന് കുഴിത്തുറയിലും, കന്യാകുമാരിയിലും എത്തിയിരുന്നു. രണ്ട് ദിവസവും ബലിയിട്ടവരുമുണ്ട്. കുഴിത്തുറ താമ്രഭരണി തീരത്ത് നഗരസഭാ ബലിതർപ്പണ സജ്ജീകരണമൊരുക്കി. മഹാദേവർ ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചാമുണ്ഡേശ്വരി ക്ഷേത്ര സന്നിധിയിൽ ഒരുക്കിയ പ്രത്യേക പന്തലിലായിരുന്നു ജനത്തിരക്ക്. രാവിലെ 3 മണിക്ക് ആരംഭിച്ച ബലിതർപ്പണം ഉച്ച വൈകിയും നടന്നു. കുഴിത്തുറയിലും കന്യാകുമാരിയിലും തൃപ്പരപ്പിലും വൻ ജനക്കൂട്ടം ബലിയിട്ടു.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക്
. ത്രിവേണി സംഗമം, തൃപ്പരപ്പ്, വട്ടക്കോട്ട എന്നിവിടങ്ങളിൽ സഞ്ചാരികളുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്.പുലർച്ചെ മുതൽ കന്യാകുമാരി ദേവീ ക്ഷേത്രം, ശുചീന്ദ്രം സ്ഥാണുമാലയൻ ക്ഷേത്രം, കുമാരകോവിൽ, മണ്ടയ്ക്കാട് ക്ഷേത്രങ്ങളിൽ വൻ തിരക്കുണ്ടായിരുന്നു. കന്യാകുമാരിയിലെ ത്രിവേണി സംഗമത്തിൽ സൂര്യോദയവും അസ്തമയവും കാണാനും വൻ ജനാവലി ആയിരുന്നു.
കുഴിത്തുറ നഗരസഭ വർഷാവർഷം നടത്തുന്ന ബാഹുബലി എക്സിബിഷൻ കാണാനും വൻ തിരക്കായിരുന്നു. ശനിയാഴ്ച രാവിലെ മുതൽ ഇന്നലെ രാത്രി വൈകിയും തിരക്കനുഭവപ്പെട്ടു.