തിരുവനന്തപുരം: കണ്ണമ്മൂല അയ്യങ്കാളി റോഡ് കണ്ടാൽ ഇതൊരു റോഡാണോ തോടാണോ എന്ന് ആശങ്കപ്പെട്ട് പോകും. പൊട്ടിപ്പൊളിഞ്ഞ റോഡിൽ ചെളിയും വെള്ളവും മാലിന്യവും കൊണ്ട് നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇന്നും ഇന്നലെയുമല്ല, നാല് വർഷത്തിലേറെയായി ഈ റോഡ് ഈ അവസ്ഥയിലാണ്. 2019ൽ സർക്കാർ പദ്ധതിയുടെ ഭാഗമായി പൊളിച്ച റോഡ് നാൾ ഇതുവരെ റീടാർ ചെയ്തിട്ടില്ല. അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ല.
കണ്ണമ്മൂല പാലത്തിന് സമീപത്തെ ആമയിഴഞ്ചാൻ തോട്ടിന്റെ കരയിലൂടെയുള്ള റോഡാണ് അയ്യങ്കാളി റോഡ്. റോഡിന്റെ ആരംഭം മുതൽ 300 മീറ്റർ ദൂരം വരെയാണ് ചെളിക്കുളമായി കിടക്കുന്നത്. മഴയുണ്ടെങ്കിൽ കാൽനട പോലും അസാദ്ധ്യം. നടന്നു പോയാലും ഇരുചക്രവാഹനത്തിൽ പോയാലും മറ്റ് വാഹനങ്ങൾ എതിരെ വരുമ്പോൾ ചെളിവെള്ളം ദേഹത്ത് തെറിക്കുമെന്ന് നാട്ടുകാർ പറയുന്നു. വാഹനങ്ങൾ ചെളിയിൽ പുതയുന്നതും പതിവാണ്.
കാവുവിള,കാക്കോട്,നെല്ലിക്കുഴി എന്നീ പാലങ്ങളിലൂടെ കടന്ന് തോട്ടിന് മറുവശത്തുള്ള ഭഗത്‌സിംഗ് റോഡിലൂടെയാണ് ചിലരുടെ യാത്ര.വീതി കുറഞ്ഞ പാലത്തിലൂടെ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷയ്ക്കും മാത്രമെ പോകാൻ സാധിക്കൂ.
ജീവൻ പണയം
വച്ചുള്ള യാത്ര
രാത്രിയിൽ വെളിച്ചം തീരെയില്ലാത്ത റോഡിൽ ജീവൻ പണയം വച്ചാണ് യാത്രചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു. എപ്പോൾ വേണമെങ്കിലും ചെളിയിൽ തെന്നി വീഴാം. ഇഴജന്തുക്കളും ധാരാളം.
മുൻകരുതലായി കൈവരി
അയ്യങ്കാളി റോഡിനോട് ചേർന്ന ആമയിഴഞ്ചാൻ തോട്ടിൽ വീണ് യാത്രക്കാർക്ക് അപകടം സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാൽ മുൻകരുതലായി കൈവരി കെട്ടുകയാണ്.