തിരുവനന്തപുരം:സ്പോർട്സ് ആവേശമായ സിബിൻ ചന്ദ്രൻ സാമ്പത്തിക പ്രശ്നങ്ങൾ കാരണം കായികമത്സരങ്ങളിൽ നിന്നു വിട്ടുനിന്നത് 17 വർഷമാണ്.
ഷോട്ട്പുട്ടിലും ഹാമർത്രോയിലും പഠനകാലത്ത് നേടിയ ദേശീയ മെഡലുകൾ നോക്കി സിബിൻ നെടുവീർപ്പിട്ടു. ഉപജീവനത്തിന് മലമുകൾ സെൻശാന്തൽ സ്‌കൂളിലെ കായികാദ്ധ്യാപകനായി. ഗ്രൗണ്ടിലേക്ക് തിരിച്ചുവരണമെന്ന് മോഹമുദിച്ചതോടെ കഠിനപരിശീലനം ആരംഭിച്ചു. അടുത്തയാഴ്ച സ്വീഡനിലെ ഗൊത്തെൻബെർഗിൽ വേൾഡ് മാസ്റ്റേഴ്സ് അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനൊരുങ്ങുകയാണ് തിരുമല സ്വദേശിയായ 37കാരൻ.പൂനെ ദേശീയ മത്സരത്തിൽ ഹാമർത്രോയിൽ സ്വർണവും ഷോട്ട്പുട്ടിൽ വെള്ളിയും നേടിയാണ് ലോകചാമ്പ്യൻഷിപ്പിന് യോഗ്യനായത്. 15 രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർക്കൊപ്പം ത്രോ ഇനത്തിൽ മത്സരിക്കുന്ന ഏക മലയാളിയാണ് സിബിൻ.
എസ്.എം.വി സ്കൂളിൽ പഠിക്കുമ്പോഴേ സ്പോർട്സിലായിരുന്നു താത്പര്യം. 2005ൽ യൂണിവേഴ്സിറ്റി കോളേജിൽ സോഷ്യോളജി ബിരുദ പഠനകാലത്ത് മത്സരങ്ങൾ ഉപേക്ഷിച്ചു. പിന്നീട് നാഗ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്പോർട്സിൽ ബിരുദമെടുത്ത് കായികാദ്ധ്യാപകനായി.
സിബിൻ പഠിപ്പിച്ച കുട്ടികൾ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടി. മുൻ യൂണിവേഴ്സിറ്റി ചാമ്പ്യനും പരിശീലകനുമായ ഷാജി പണിക്കർ ഹാമർത്രോ ചെയ്യുന്ന വീഡിയോ ആണ് രണ്ടാംവരവിന് പ്രചോദനം. 2022ൽ സംസ്ഥാന സ്പോർട്സ് മീറ്റിൽ ഷോട്ട്പുട്ടിൽ ജയിച്ചെങ്കിലും ദേശീയതതലത്തിൽ പരാജയപ്പെട്ടു.വീണ്ടും ഒരു വർഷത്തെ പരിശ്രമം. ഗോൾഡ്സ് ജിമ്മിലെ പരിശീലനത്തിൽ ശരീരഭാരം 40 കിലോ കൂട്ടി. മുൻ ഡി.ജി.പി ഋഷിരാജ് സിംഗിന്റെ സഹായത്താൽ കാര്യവട്ടം സ്പോർട്സ് അതോറിറ്റിയിൽ ഷോട്ട്പുട്ടിലും യൂണിവേഴ്സിറ്റി സ്റ്റേഡിയം ഡയറക്ടർ റസിയയുടെ സഹായത്താൽ സ്റ്റേഡിയത്തിൽ ഹാമർത്രോയിലും സൗജന്യപരിശീലനം അനുവദിച്ചു. ഒരു വർഷമായി പുലർച്ചെ 4.30 മുതൽ പരിശീലനത്തിലാണ്. അച്ഛൻ ചന്ദ്രൻ, അമ്മ അമ്പിളി.വിമാനടിക്കറ്റിനും മറ്റുമായി കടം വാങ്ങിയും ലോണെടുത്തും മൂന്നു ലക്ഷം സ്വരുക്കൂട്ടി. സ്പോർട്സ് ഷൂസിന് മാത്രം 25,000 രൂപയ്ക്ക് മുകളിലായി. സ്പോൺസറെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15നാണ് ഷോട്ട്പുട്ട് മത്സരം. സ്വർണം നേടി സ്വീഡനിൽ ദേശീയപതാക ഉയർത്തണം
-സിബിൻ