വക്കം: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞുക്കിടക്കുന്ന കടയ്ക്കാവൂർ മാടൻനട മരുതൻ വിളാകം റോഡിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ആഴത്തിലുള്ള കുഴികളാണ്. മഴക്കാലമായതോടെ ഈ കുഴികളിലെല്ലാം വെള്ളം കെട്ടിക്കിടന്ന് അപകടങ്ങൾ പെരുകുന്നു. കടയ്ക്കാവൂർ വക്കം പഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. വക്കത്ത് നിന്നും റയിൽവേ ഗേറ്റിൽ കിടക്കാതെ കടയ്ക്കാവൂർ അഞ്ചുതെങ്ങ് വഴി തീരദേശപാതയിൽ എത്താമെന്നതാണ് മരുതൻവിളാകം റോഡിന്റെ പ്രത്യേകത. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി സൈക്കിളിലും സ്കൂട്ടറിലും കാൽനടയായുമൊക്കെ വക്കത്തേക്കു പോകുന്നവർ ആശ്രയിക്കുന്ന പ്രധാന പാത. റോഡ് തകർന്ന് കുഴികളായതിനാൽ ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ നിരവധി പേർ ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട്. കാൽ നട യാത്രപോലും ദുഷ്കരമായ പാതകളിലൂടെയുള്ള സഞ്ചാരം യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു.
യാത്രക്കാർക്ക് ഗുണം
സ്കൂളും ആരാധനാലയങ്ങളും വ്യാപാരസ്ഥാപനങ്ങളുമായി ദിവസേന നിരവധി ജനങ്ങൾ മാടൻനട മരുതൻവിളാകം റോഡിനെ ആശ്രയിക്കുന്നുണ്ട്. വക്കത്തെ മറ്റു റോഡുകളെ അപേക്ഷിച്ച് വീതി കൂടിയ ഇവിടെ ആധുനിക രീതിയിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയാൽ വക്കത്ത് നിന്നും ആറ്റിങ്ങൽ ചിറയിൻകീഴ് കടയ്ക്കാവൂർ അഞ്ചുതെങ്ങ് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് മണിക്കൂറുകളോളം റെയിൽവേ ഗേറ്റിൽ കുടുങ്ങി കിടക്കാതെ സമയം ലാഭിക്കാം.
റോഡിനിരുവശവും നിരവധിപേരാണ് താമസിക്കുന്നത്. മഴക്കാലത്തെ വെള്ളക്കെട്ട് കാരണം പ്രദേശവാസികളും ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
യാത്ര ദുഷ്കരം
നിരവധി തവണ പഞ്ചായത്ത് അധികാരികളെ വിവരം അറിയിച്ചെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. മീരാൻകടവ് റോഡ് നവീകരണത്തിന്റെ ഭാഗമായി വാഹനങ്ങൾ ഗതാഗത യോഗ്യമല്ലാത്ത മരുതൻവിളാകം റോഡിലൂടെയും ചെക്കാലവിളാകം ഭാഗത്ത് നിന്നും നിലയ്ക്കാമുക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാടൻനട റോഡിലൂടെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ വഴിയുമാണ് തിരിച്ചുവിടുന്നത്. റോഡിലെ കുഴികൾ നികത്തി സഞ്ചാരയോഗ്യമാക്കാതെ ഇതുവഴി വാഹനങ്ങൾ വഴി തിരിച്ചു വിട്ടതിനാൽ യാത്ര വളരെ ദുഷ്കരമാണ്.