തിരുവനന്തപുരം: കുഴികൾ മാത്രം നിറഞ്ഞ് ചെളിക്കുളമായി കിടന്നിരുന്ന കരിക്കകം വായനശാല - സ്കൂൾ റോഡിലെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങി. മുടങ്ങിക്കിടന്ന സിറ്റി ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നത്. പൈപ്പ് ലൈനിനായി എടുത്ത ട്രഞ്ച് കോൺക്രീറ്റ് ചെയ്ത് മൂടിയതിനുശേഷം പാറപ്പൊടിയും മെറ്റലും ചേർന്ന മിശ്രിതം നിറച്ച് റോഡ് ലവൽചെയ്ത് ഉയർത്തിത്തുടങ്ങി. റോഡിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ജൂൺ അവസാനം കേരളകൗമുദി നൽകിയ വാർത്തയെ തുടർന്നാണ് നടപടി.
കരിക്കകം വായനശാല മുതൽ മാവറത്തല വരെയുള്ള അരക്കിലോമീറ്റർ ഭാഗത്തായിരുന്നു ഈ ദുരവസ്ഥ. കാൽനട യാത്രികരും ഇരുചക്രവാഹനങ്ങളും ഈ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. ഗ്യാസ് പൈപ്പ് ലൈനിനായി എടുത്ത കുഴികൾ മൂടാതെ കിടന്നതും മഴ മൂലം പ്രവർത്തനം തടസപ്പെട്ടതുമായിരുന്നു കാരണം. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൈപ്പ് ലൈൻ നിർമ്മാണം ഉടൻ പൂർത്തിയാക്കാനും റോഡ് പൂർവസ്ഥിതിയിലാക്കാനും കരാർ ഏറ്റെടുത്തിരുന്ന എ.ജി ആൻഡ് പി കമ്പനിയോട് നഗരസഭ നിർദ്ദേശിച്ചതായി വാർഡ് കൗൺസിലർ ഡി.ജി.കുമാരൻ പറഞ്ഞു.കരാർ പ്രകാരം വെള്ളക്കെട്ടുള്ള സ്ഥലത്ത് കോൺക്രീറ്റിംഗും ഇന്റർലോക്ക് കട്ടകളും നിരത്തി നവീകരിക്കാനുള്ള പ്രവർത്തനമാണ് നടക്കുന്നത്. അവരുടെ പ്രവർത്തനം പൂർത്തിയാകുന്നതിന് പിന്നാലെ റോഡ് വികസനത്തിനുള്ള ബാക്കി പണികൾ നഗരസഭ നടത്തും. ഇതിനായി നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 8.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും കൗൺസിലർ പറഞ്ഞു.