കൊണ്ടോട്ടി: കിഴിശ്ശേരി ആൾക്കൂട്ട കൊലപാതകത്തിന്റെ വിചാരണ ആഗസ്റ്റ് അഞ്ചിന് തുടങ്ങും. വിചാരണയ്ക്ക് മുന്നോടിയായി പ്രോസിക്യൂട്ടറും അന്വേഷണ സംഘവും കൊലപാതകം നടന്ന സ്ഥലം സന്ദർശിച്ചു.

മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി തവനൂർ ഒന്നാം മൈലിൽ അന്യസംസ്ഥാന തൊഴിലാളി രാജേഷ് മാഞ്ചിയെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ വിചാരണ ആഗസ്റ്റ് അഞ്ചിന് മഞ്ചേരി അഡിഷനൽ സെഷൻസ് കോടതി-3 മുമ്പാകെ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറൂം പൊലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലം പരിശോധിച്ചത്.
സംഭവദിവസം രാത്രി രാജേഷ് മാഞ്ചിയെ ആദ്യം കണ്ടെത്തിയ ഒന്നുമുതൽ മൂന്നു വരെ പ്രതികളുടെ വീടും പരിസരവും പിന്നീട് രാജേഷ് മാഞ്ചിയെ കൊണ്ടുവന്ന് ഇരുത്തിയ തവനൂർ ഒന്നാം മൈൽ ജുമാഅത്ത് പള്ളിക്ക് മുൻവശമുള്ള റോഡും പരിസരവും ആണ് സന്ദർശിച്ചത്.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: കെ.കെ. സമദ് , എസ്.ഐ സന്തോഷ് കുമാർ , എ.എസ്.ഐ സിയാദുൽ റഹ്മാൻ,​ അഡ്വ. വിവേക്, അഡ്വ: സഫ്വാൻ എന്നിരും സംഘത്തിലുണ്ടായിരുന്നു.

2023 മേയ് മാസം 13ന് കിഴിശ്ശേരിയില്‍ അതിഥി തൊഴിലാളിയായ ബീഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയെ രാത്രി ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് നടക്കുക. കേസില്‍ ഒമ്പത് പ്രതികളാണുള്ളത്.


പ്രതികള്‍ക്ക് കോടതി കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചിരുന്നു. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി -III ജഡ്ജ് ടി.ജി വര്‍ഗീസ് മുമ്പാകെയാണ് വിചാരണ ആരംഭിക്കുന്നത്.