ആറ്റിങ്ങൽ: സംസ്ഥാന നാളികേര കോർപ്പറേഷന്റെ മാമത്തെ എണ്ണയാട്ട് ശാലയുടെ കെട്ടിടങ്ങളും ചുറ്റുമതിലുകളും സംരക്ഷണമില്ലാതെ കാടുകയറി നശിക്കുന്നു. കാടുകയറിയും ചിതലരിച്ചും നിരവധി കെട്ടിടങ്ങളാണ് ശാലയ്ക്കുള്ളിൽ ഉള്ളത്. കെട്ടിടങ്ങൾക്ക് മുന്നിൽ ദേശീയപാത വരെ ഉയരത്തിൽ പുല്ല് വളർന്നുകഴിഞ്ഞു. കാടുമൂടിയ ശാലയ്ക്കുള്ളിലും പുറത്തും ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. മാമത്തെ എണ്ണയാട്ട് ശാല ഇപ്പോൾ ഭാഗികമായിട്ടാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് നാളികേരത്തിന്റെ ഉത്പാദനം കുറഞ്ഞതോടെയാണ് ശാലയുടെ പ്രവർത്തനങ്ങൾ വർഷങ്ങൾക്കു മുമ്പ് തന്നെ അവതാളത്തിലായത്. ഇപ്പോൾ മറ്റിടങ്ങളിൽ സംഭരിക്കുന്ന കൊപ്ര കൊണ്ടുവന്ന് ആട്ടി എണ്ണയാക്കി കവറിലും കുപ്പികളിലുമാക്കി വിൽക്കുന്നുണ്ട്. കെട്ടിടങ്ങളുടെ ആവശ്യം കുറഞ്ഞതോടെ കെട്ടിടങ്ങളും ഗേൗഡൗണുകളും അടച്ചു. ഇപ്പോൾ യന്ത്രങ്ങളും മറ്റു ഉപകരണങ്ങളും തുരുമ്പെടുത്ത് നശിക്കുകയാണ്. ശാലയ്ക്കുള്ളിൽ നിരവധിയിടങ്ങളിൽ ഇത്തരം പാഴ്ച്ചെടികൾ വളർന്നു കഴിഞ്ഞു.ഇതിനുള്ളിലെ ജീവനക്കാർ ഭീതിയോടെയാണ് ജോലി ചെയ്യുന്നത്.
പാഴ്ച്ചെടികൾ മാത്രം
ദേശീയപാതയിൽ ശാലയുടെ പ്രധാന കവാടത്തിലെ കൂറ്റൻ ഗോഡൗൺ ഇതിനകം പാഴ്ച്ചെടികൾ കൊണ്ട് മൂടിക്കഴിഞ്ഞു. വശങ്ങളിലെ മതിൽക്കെട്ടുകളും അതിനുള്ളിലെ തണൽ മരങ്ങളും മറ്റൊന്നും കാണാൻ പറ്റാത്ത തരത്തിൽ ഇത്തരം പാഴ്ച്ചെടികൾ കൈയടക്കിക്കഴിഞ്ഞു.
തിരക്കേറിയ സ്ഥലമായിട്ടും
ആറ്റിങ്ങൽ ടൗൺ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരിക്കുന്ന എല്ലാ ബാങ്കുകളും ഇപ്പോൾ മാമം മേഖല കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. പുറമെ ആർ.ടി ഓഫീസ്,ഇൻഷ്വറൻസ് ഓഫീസുകൾ അടക്കമുള്ള അനേകം ഓഫീസുകളും സമാന്തര വിദ്യാദ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
നിത്യവും നൂറുക്കണക്കിനാളുകൾ വന്നുപോകുന്ന ഇടമായിട്ടും ബന്ധപ്പെട്ടവർ തിരിഞ്ഞു നോക്കാറില്ല.
മാമത്തെ നാളികേര കോംപ്ലക്സിനെ സംരക്ഷിക്കാനും നിലവിൽ ജോലി നോക്കുന്ന ജീവനക്കാർക്കും,പരിസരത്ത് എത്തുന്നവർക്ക് സംരക്ഷണം നൽകാനും അധികൃതർ നടപടി സ്വീകരിക്കണം.
അനിൽ ആറ്റിങ്ങൽ,സെക്രട്ടറി,
ആർ.എസ്.പി ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി