കഴക്കൂട്ടം : ദേശീയപാതയിൽ എക്കാലവും മരണമുനമ്പാണ് പള്ളിപ്പുറം.ഒടുവിൽ ഇവിടെ പൊലിഞ്ഞ ജീവനാണ് ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്.അംബികയുടെ മകൻ വി.എ.വിനീതിന്റേത്. ലീഡർ കെ.കരുണാകരന്റെ ജീവിതം മറ്റിമറിച്ച അപകടം, വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെയും മകളുടെയും ജീവനെടുത്തും പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങിയ നാലുവയസുള്ള കുഞ്ഞുൾപ്പെടെ നാലുപേരുടെ ദാരുണാന്ത്യം എന്നിങ്ങനെ നീളുകയാണ് പള്ളിപ്പുറത്തെ ദുരന്തങ്ങൾ.
നിലവിൽ ദേശീയ പാതയിൽ പണി നടക്കുന്നതിനാൽ സർവീസ് റോഡിലൂടെ ഗതാഗതം ക്രമീകരിച്ചെങ്കിലും അവിടെയും അപകടം പതിവാകുകയാണ്. ഇന്നലെ പുലർച്ച 5.30തോടെ വൺവേ തെറ്റിച്ച വന്ന കാറിന്റെ അമിത വേഗതയെന്നാണ് വിനീതിന്റെ ജീവനെടുത്തതെന്നാണ് പ്രാഥമിക വിവരം.
ദേശീയപാതയുടെ പണികൾ നടക്കുന്നതിനാൽ ആറ്റിങ്ങൽ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ദേശീയപാതയുടെ ഇടതുവശം ചേർന്നുള്ള സർവീസ് റോഡ് വഴിയാണ് കടത്തി വിട്ടിരുന്നത്. ഇതിന്റെ സൂചനാബോർഡും പള്ളിപ്പുറം സി.ആർ.പി.എഫ് ജംഗ്ക്ഷനിലു സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ അപകടത്തിന് കാരണമായ കാർ അതുവഴി പോകാതെ വിനീത് വന്ന മറുവശത്തെ റോഡിലൂടെ വന്നതാണ് അപകടത്തിന് കാരണമായത്. 1992 ജൂൺ രണ്ടിനായിരുന്നു കെ.കരുണാകര സഞ്ചരിച്ചിരുന്ന കാർ പള്ളിപ്പുറത്ത് അപകടത്തിൽപെട്ടത് അത്ഭുതകരമായിരുന്നു അദ്ദേഹം അതിജീവിച്ചത്.2018 ഒക്ടോബർ രണ്ടിനായിരുന്നു ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ പള്ളിപ്പുറത്ത് അപകടത്തിൽപ്പെട്ടത്. ബാലഭാസ്ക്കറും മകളും മരിച്ചു. ഭാര്യമാത്രം രക്ഷപ്പെട്ടു. 2023 മേയ് 18ന് രാത്രി 8.45ന് അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഓട്ടോയിലിടിച്ചാണ് പ്രസവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ അമ്മയും കുഞ്ഞുൾപ്പെടെ നാലുപേർ മരിച്ചത്.
കല്ലമ്പലം നാലുമുക്ക് കാരൂർകോണത്ത് പണയിൽ വീട്ടിൽ മഹേഷിന്റെ ഭാര്യ അനു (23),അനുവിന്റെ നാല് ദിവസം പ്രായമുള്ള പെൺകുഞ്ഞ്,അനുവിന്റെ അമ്മ ശോഭന (41), ഓട്ടോഡ്രൈവർ സുനിൽ (40)
എന്നിവരാണ് മരിച്ചത്.