തിരുവനന്തപുരം: കിള്ളിപ്പാലത്ത് പി.ആർ.എസ് ആശുപത്രിക്ക് എതിർവശത്തുള്ള സി.ഐ.ടി റോഡിലെ ആക്രിക്കട ഗോഡൗണിൽ തീപിടിത്തം.ഇന്നലെ വൈകിട്ട് 6.15ഓടെയാണ് തമിഴ്നാട് സ്വദേശിയായ മുത്തുകുമാറിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കട ഗോഡൗണിൽ തീപിടിച്ചത്.ജീവനക്കാർ ഇറങ്ങിയോടിയതിനാൽ രക്ഷപ്പെട്ടു.
ഗോഡൗണിൽ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് വേസ്റ്റുകളിലാണ് തീപിടിത്തമുണ്ടായത്. പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ, തടികൾ തുടങ്ങിയവ കത്തിനശിച്ചു.ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പനവിളയിൽ നിന്നുള്ള രണ്ട് യൂണിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി.
ഗോഡൗണിന്റെ മദ്ധ്യഭാഗത്തായി കൂട്ടിയിട്ടിരുന്ന വേസ്റ്റുകൾ കത്തിക്കുന്നതിനിടെ തീപടർന്നതാകാമെന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു. എം.എ.ആർ ബേക്കറിയുടെ ഭക്ഷ്യോത്പാദന കേന്ദ്രവും ആക്രിക്കടയുടെ രണ്ട് ഗോഡൗണുകളും ഇതോട് ചേർന്ന് തന്നെ പ്രവർത്തിക്കുന്നുണ്ട്. വളരെ പെട്ടെന്നുതന്നെ തീ നിയന്ത്രണവിധേയമാക്കിയതിനാൽ സമീപത്തേക്ക് പടർന്നില്ല.ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജി ഖാൻ,സീനിയർ ഫയർ റെസ്ക്യു ഓഫീസർ സുധീഷ് ചന്ദ്രൻ എന്നിവരുൾപ്പെട്ട സംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.