തിരുവനന്തപരം: വെള്ളയമ്പലം ശാസ്തമംഗലം റോഡിലെ എൻ.എസ്.എസ് കെട്ടിടത്തിന് എതിർവശത്തുള്ള ഈസ്റ്റ് കോസ്റ്റ് ഫ്ലാറ്റിലെ ലിഫ്ടിൽ കുടുങ്ങിയ നാലുപേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. ഫ്ലാറ്റിലെ താമസക്കാരായ ആർമി ഉദ്യോഗസ്ഥൻ ജയരാജ്, ടിനോ,സക്കീർ,ശ്രീരാജ് എന്നിവരാണ് ലിഫ്ടിൽ കുടുങ്ങിയത്. ഇതിൽ ജയരാജ് ബോധരഹിതനായി. ചെങ്കൽച്ചൂള ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി ഹൈഡ്രോളിക്ക് സ്പെഡർ ഉപയോഗിച്ച് ലിഫ്ടിന്റെ വാതിലകത്തി അകത്ത് കുടുങ്ങിയവരെ പുറത്തെത്തിച്ചു. പൊലീസ് കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണറടക്കം സ്ഥലത്തെത്തി. അബോധാവസ്ഥയിലായ ജയരാജിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.