ആര്യനാട്: അവധിദിനം ആഘോഷിക്കാനെത്തിയ കുടുംബാംഗങ്ങളിൽ നാലുപേർ കരമനയാറ്റിലെ ഒഴുക്കിൽപ്പെട്ട് കയത്തിൽ മുങ്ങിമരിച്ചതിന്റെ ഞെട്ടലിലാണ് ആര്യനാട്. ഇന്നലെ വൈകിട്ടോടെയാണ് കരമനയാറ്റിൽ ആര്യനാട് മൂന്നാറ്റുമുക്കിൽ 13 വയസുകാരൻ ഉൾപ്പടെ നാലുപേർ മുങ്ങി മരിച്ച വിവരം പുറത്തറിഞ്ഞത്.
ആര്യനാട് കോട്ടയ്ക്കകം പൊട്ടച്ചിറ സ്വദേശിയും പൊലീസ് ഡ്രൈവറുമായ അനിൽകുമാർ,തന്റെ വീട്ടിലെത്തിയ സഹോദരന്റെയും സഹോദരിയുടെയും മക്കളുമായി കൃഷിയിടത്തിലേക്ക് പോയതിനൊടുവിലാണ് അപകടമുണ്ടായത്. അനിൽകുമാറിന്റെ മക്കളും ഒപ്പമുണ്ടായിരുന്നു.

പട്ടണത്തിൽ നിന്നുവന്ന കുട്ടികൾ കരമന നദിയിലിറങ്ങി കുളിക്കണമെന്നാവശ്യപ്പെട്ടപ്പോൾ ഒപ്പം അനിൽകുമാറും നദിയിലിറങ്ങി. മൂന്നാറ്റുമുക്കിൽ വാരിപാറയിലാണ് ഇവർ ഇറങ്ങിയത്.

സഹോദരൻ സുനിൽകുമാറിന്റെ മകൻ അദ്വൈതാണ് ആദ്യം ഒഴുക്കിൽപ്പെട്ടത്. രക്ഷിക്കാനായി അനിൽകുമാർ അങ്ങോട്ടു നീങ്ങി.ഇതിനിടെ ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ മകൻ ആനന്ദ് (25),അനിൽ കുമാറിന്റ ഇളയ മകൻ അമൽ എന്നിവരും ഒഴുക്കിൽപ്പെട്ട് ചുഴിയിലേക്ക് നീങ്ങിപ്പോയി.
ആനന്ദിനെ രക്ഷിക്കാൻ മറ്റുള്ളവർ ശ്രമിക്കുന്നതിനിടെ അമലും വെള്ളത്തിലേക്ക് താഴ്ന്നു. ഇതിനിടയിൽ നീന്തിക്കയറിയ അനിൽകുമാറിന്റെ മറ്റൊരു മകൻ അഖിൽ,സുനിൽകുമാറിന്റെ മറ്റൊരു മകൻ അനന്തരാമൻ എന്നിവരുടെ നിലവിളി കേട്ട് തൊട്ടടുത്ത കോഴി ഫോമിലെ ജീവനക്കാർ ഉൾപ്പെടെ ചിലർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.എന്നാൽ ഇവർക്ക് രക്ഷിക്കാനായില്ല. തുടർന്ന് ഫയർഫോഴ്സിനെയും ആര്യനാട് പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. സ്ഥിരമായി അപകടമുണ്ടാകാറുള്ള കടവുകളാണ് കരമന നദിയിൽ ആര്യനാട്ടുള്ളത്. മുൻപും നിരവധിപ്പേർ ഒഴുക്കിൽപ്പെട്ട് മരിച്ചിട്ടുണ്ട്.

കഴക്കൂട്ടം കുളത്തൂർ സ്വദേശികളാണ് അനിൽ കുമാറും സഹോദരങ്ങളും.അനിൽകുമാർ ഉൾപ്പടെ മൂന്ന് സഹോദരങ്ങൾക്കും പറണ്ടോട് പൊട്ടൻചിറയ്ക്ക് സമീപത്തെ മൂന്നാറ്റുമുക്കിൽ സ്ഥലമുണ്ട്.ഇതിൽ അനിൽകുമാറും പിതാവ് വേണുഗോപാലും മാത്രമാണ് പൊട്ടൻചിറയിലെ വസ്തുവിൽ വീട് വച്ച് താമസമാക്കിയത്.എന്നാൽ പതിവായി എല്ലാ ആഴ്ചയിലും സഹോദരങ്ങൾ കുടുംബസമ്മേതം ഇവിടെ ഒത്തുകൂടും.കൃഷിയും കാര്യങ്ങളുമായി എല്ലാവരും ആഘോഷമാക്കും.ഇന്നലെയും പതിവുപോലെ കൃഷിയിടത്തിലെ പതിവ് പണികൾ കഴിഞ്ഞ ശേഷമാണ് ആറുപേരും കരമനയാറിൽ കുളിക്കാനിറങ്ങിയത്.പക്ഷെ അപ്രതീക്ഷിത ഒഴുക്കിൽ ഒരു കുടുംബത്തിലെ നാല് പേരുടെ ജീവനാണ് നഷ്ടമാവുകയായിരുന്നു.

സേനയിലെ സാരഥി,
നാട്ടുകാരുടെ പ്രിയ അനിലേട്ടൻ.

ആര്യനാട്: നാട്ടിലെ എല്ലാവരുടെയും പ്രിയപ്പെട്ട അനിലേട്ടനാണ് ഇന്നലെ ഒഴുക്കിൽപ്പെട്ട് മരിച്ചത്. എല്ലാവരോടും സൗമ്യതയോടെയും ബഹുമാനത്തോടെയും സംസാരിക്കുകയും ഏതാവശ്യത്തിനും നാട്ടുകാർക്ക് സഹായിയുമായിരുന്ന അനിൽകുമാർ.എസ്.എൻ.ഡി.പി യോഗം അയിത്തി ശാഖയിലേയും പ്രദേശങ്ങളിലെ അമ്പലത്തിന്റെയും,പള്ളിയുടെയും കാര്യങ്ങളിൽ മാത്രമല്ല, കാരുണ്യ പ്രവർത്തനത്തിലും സജീവമായിരുന്നു. അനിൽകുമാറിനെ കുറിച്ചുള്ള നൂറു ഓർമകളാണ് നാട്ടുകാർക്ക് പങ്കുവയ്ക്കാനുള്ളത്.