രണ്ടു പേർ ചികിത്സയിൽ
മൂവരും കുളിച്ച വെൺപകലിലെ കുളം സീൽ ചെയ്തു.
തിരുവനന്തപുരം : ഗുരുതരമായ അമീബിക്ക് മസ്തിഷ്ക ജ്വരം തലസ്ഥാനത്തും കണ്ടെത്തി. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളായ യുവാക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിലൊരാൾ രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് മരിച്ചു. നെല്ലിമൂട് സ്വദേശി അഖിലാണ് (27) കഴിഞ്ഞ മാസം 23ന് മരിച്ചത്. ഇയാളുടെ സഹോദരനായ 23കാരനും സുഹൃത്തായ 22കാരനുമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
മൈക്രോബയോളജി ലാബിൽ നടത്തിയ സ്രവ പരിശോധനയിൽ ഇവരുടെ തലച്ചോറിൽ അമീബയുടെ വകഭേദമായ നീഗ്ലേറിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. ചികിത്സയിലുള്ള സഹോദരന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സുഹൃത്തിന്റെ നില മെച്ചപ്പെട്ടുവരുന്നതായും അധികൃതർ പറഞ്ഞു. ചികിത്സയിലുള്ളവരുടെ രോഗം സ്ഥിരീകരിച്ചതോടെ, അഖിലിന്റെ മരണ കാരണവും ഈ രോഗമാണെന്നാണ് നിഗമനം. എന്നാൽ ഇത് ആരോഗ്യവകുപ്പ് കൂടുതൽ നടപടിക്രമങ്ങൾക്ക് ശേഷമേ സ്ഥിരീകരിക്കൂ.
നെല്ലിമൂടിന് സമീപം വെൺപകലിലെ ഒരു കുളത്തിൽ മൂവരും കുളിച്ചതായി വ്യക്തമായി. ഇതോടെ ആരോഗ്യവകുപ്പ് ഈ കുളം സീൽ ചെയ്തു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞമാസം 20നാണ് അഖിലിനെ തലവേദന, ഛർദ്ദി, കഴുത്തുവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിച്ചത്. വിശദമായ പരിശോധന നടക്കുന്നതിനിടെയായിരുന്നു മരണം. പിന്നാലെ ഈമാസം രണ്ടിനാണ് സഹോദരനെ സമാനലക്ഷങ്ങളുമായി എത്തിച്ചത്. ചേട്ടൻ അടുത്തിടെ മരിച്ചത് അറിഞ്ഞതോടെ ഡോക്ടർമാർ പ്രത്യേകം നിരീക്ഷിച്ചു.