1

കുളത്തൂർ: മുക്കോലയ്ക്കൽ കൊടിവിളാകം വീട്ടിൽ ഒരു കുടുംബത്തിലെ നാലുപേർ കരമനയാറിൽ മുങ്ങിമരിച്ചതിന്റെ ഞെട്ടലിലാണ് കുളത്തൂർ നിവാസികൾ. കുളത്തൂർ കിഴക്കുംകര ചെമ്പകത്തിൻമൂട് നിയമസഭ ജീവനക്കാരി ശിവപ്രിയയുടെയും ചെന്നൈ എയർപോർട്ട് ജീവനക്കാരൻ സനൽ കുമാറിന്റെയും മകൻ ആനന്ദ് (25), ശിവപ്രിയയുടെ സഹോദരൻ സെക്രട്ടേറിയറ്റ് അണ്ടർ സെക്രട്ടറി സുനിൽ കുമാർ എന്ന ഉണ്ണിയുടെയും സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് മിനിയുടെയും മൂത്ത മകൻ അദ്വൈത് (22) എന്നിവരാണ് മരിച്ചത്.

കർക്കടക വാവ് ദിവസം കുടുംബസമ്മേതം സഹോദരൻ അനിലിന്റെ ആര്യനാട്ടെ വീട്ടിലെത്തി ബലികർമ്മങ്ങൾക്കും ഭക്ഷണത്തിനും ശേഷം അനിലിന്റെ കൃഷിയിടത്തിനു സമീപത്തെ കരമനയാറ്റിൽ ആനന്ദ് കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. അദ്വൈതിനെ രക്ഷിക്കാനിറങ്ങിയപ്പോഴാണ് മറ്റുള്ളവർ അപകടത്തിൽപ്പെട്ടത്.

അനിൽകുമാറിന്റെ അമ്മ സ്കൂൾ ടീച്ചറായിരുന്ന രാധ ടീച്ചറും അച്ഛൻ വേണുഗോപാലും വർഷങ്ങൾക്ക് മുമ്പ് ആര്യനാട് വസ്തു വാങ്ങി വീട് വച്ച് താമസമാക്കിയിരുന്നു. പൊലീസിൽ ജോലി കിട്ടിയശേഷം അനിലും കുടുംബവും ഇവിടേക്ക് മാറി. അവിടെ ഭൂമി വാങ്ങി കൃഷിയും ആരംഭിച്ചു. കുളത്തൂർ മുക്കോലയ്ക്കൽ കൊടിവിളാകം മുക്കിലെ കുടുംബവീട്ടിൽ മൂത്ത സഹോദരൻ സുനിൽകുമാറും കുടുംബവുമാണ് താമസിച്ചിരുന്നത്. തൊട്ടടുത്തായി ശ്രീപ്രിയയുടേയും വീട്. അദ്വൈത് നിയമ വിദ്യാർത്ഥിയാണ്.

സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയായ സുനിൽകുമാർ നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനാണ്. കഴിഞ്ഞ 30 വർഷത്തിലേറെയായി നാട്ടിലെ അഭ്യസ്തവിദ്യരായ നൂറുക്കണക്കിന് ചെറുപ്പക്കാരെ സർക്കാർ ജോലിക്ക് പ്രാപ്തമാക്കിയ തങ്ങളുടെ സാറിന്റെ കുടുംബത്തിനുണ്ടായ ആകസ്മിക ദുരന്തത്തിന്റെ ഞെട്ടലിലാണ് പഠിതാക്കളും നാട്ടുകാരും. വൈകിട്ട് ദുരന്തവാർത്തയറിഞ്ഞ് നിരവധിപ്പേരാണ് കുളത്തൂർ അരശുംമുട് സിൽവർ പാർക്കിലെ വീട്ടിലെത്തുന്നത്. വീട്ടിൽ ആരുമില്ലെങ്കിലും നാട്ടുകാർ അവിടെയവിടെ കൂട്ടംകൂടി നിൽപ്പുണ്ട്.