തിരുവനന്തപുരം: കരമനയാറിനെ സംരക്ഷിക്കാൻ വെറും വാക്കുകളല്ല വേണ്ടത്. ശക്തമായ നടപടികളാണ്. പക്ഷേ,​ കാലം ഇത്രയായിട്ടും ഒന്നും ഉണ്ടായിട്ടില്ല. നഗരസഭയിലെ ജനങ്ങളാണ് കരമനയാറിലെ കുടിവെള്ള പദ്ധതികളുടെ പ്രധാന ഗുണഭോക്താക്കൾ. അരുവിക്കര ഡാം പിന്നിട്ടാലും നിരവധി പമ്പ് ഹൗസുകളിലൂടെ ചെറുകിട പദ്ധതികൾ നടപ്പാക്കി നഗരത്തിൽ വെള്ളം വിതരണം ചെയ്യുന്നുണ്ട്. എന്നിട്ടും നദി മലിമാകുന്നതു തടയാൻ നഗരസഭ ചെറുവിരലനക്കിയിട്ടില്ല.

 വേണം ശക്തമായ നടപടി
വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്ന ഹെവി മെറ്റൽ കണ്ടാമിനേഷന് കാരണമായ വ്യാവസായിക മാലിന്യമൊഴുക്കൽ നിയന്ത്രിച്ചാലേ നദിയെ മാലിന്യമുക്തമാക്കാനാകൂ. വിവിധ വ്യവസായശാലകളിൽ നിന്ന് കെത്തോടുകൾ വഴി രാസവസ്തുക്കൾ കരമനയാറ്റിലെത്തുന്നുണ്ട്. മാലിന്യം നിക്ഷേപിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കെതിരെ മുഖം നോക്കാതെ നടപടി വേണം.

തിരുവല്ലം മുതൽ പേപ്പാറ വരെയുള്ള നദീതീരവും നദിയിലേക്ക് ചേരുന്ന കൈത്തോടുകളും പരിശോധിച്ച് മാലിന്യനിക്ഷേപത്തിന്റെ ഡാറ്റ തയ്യാറാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനങ്ങളുണ്ടോയെന്ന് പരിശോധിക്കണം. മാലിന്യം ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളുടെ കണക്കുകളും ഇത്തരം സ്ഥാപനങ്ങളിൽ മാലിന്യ സംസ്‌കരണ സംവിധാനവും ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം ഇതിന് പ്രധാനമാണ്. ജനങ്ങളെ ബോധവത്‌കരിക്കണം. മാലിന്യം തള്ളുന്നത് കണ്ടെത്താൻ സി.സി. ടിവി ക്യാമറകൾ സ്ഥാപിക്കണം. മാലിന്യനിക്ഷേപം നടത്തുന്നവർക്കെതിരെ ക്രിമിനൽ വകുപ്പുകൾ അനുസരിച്ചുള്ള നടപടികളും സ്വീകരിക്കണം. രാഷ്ട്രീയ താത്പര്യങ്ങൾ ഇതിന് തടസമാകരുത്.

റിവർ ഫെസ്റ്റിവൽ (ബ്ലോക്സ്)
കരമനയാറിനെ സംരക്ഷിക്കാനും നൂറ്റാണ്ടുകൾ നീളുന്ന നദിയുടെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം പ്രദർശിക്കാനുമായി വർഷംതോറും റിവർ ഫെസ്റ്റിവൽ നടത്തുന്നത് പ്രയോജനകരമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. കയാക്കിംഗ്, വാട്ടർപോളോ, നീന്തൽ, വള്ളംകളി, മഴനടത്തം തുടങ്ങിയ ജലകേളികൾക്കൊപ്പം സാംസ്‌കാരിക - കലാ പരിപാടികൾ ,പ്രദർശനങ്ങൾ എന്നിവയിലൂടെ ജനങ്ങളുടെ ഇടപെടൽ ഉറപ്പാക്കാനാവും. സാംസ്‌കാരിക പൈതൃകങ്ങളും കലാരൂപങ്ങളും പ്രദർശിപ്പിക്കാം. രാജ്യത്തിനകത്തും പുറത്തും നദീസംരക്ഷണം മുൻനിറുത്തി ഇത്തരംറിവർ ഫെസ്റ്റിവലുകൾ നടത്താറുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിൽ അതത് പ്രദേശം കേന്ദ്രീകരിച്ച് പ്രത്യേകം ആഘോഷങ്ങൾ നടത്താം.വിനോദസഞ്ചാര വകുപ്പിനും ഫെസ്റ്റിവൽ നടത്താവുന്നതേയുള്ളൂ. അതിനായി നദിയോരമണ്ഡലങ്ങളിലെ എം.എൽ.എമാരും നഗരസഭയും മുൻകൈയെടുക്കുകയാണ് വേണ്ടത്. ടെലിവിഷൻ സീരിയൽ ലൊക്കേഷൻ കൂടിയായ കൂവക്കുടിയിൽ കണ്ടൽ നട്ടുവളർത്തിയാൽ വിനോദസഞ്ചാര മേഖലയിൽ പുതിയൊരു ഡെസ്റ്റിനേഷൻ സൃഷ്ടിക്കാനും അതിലൂടെ മാലിന്യനിക്ഷേപം നിയന്ത്രിക്കാനുമാകും.