parakulam

പള്ളിക്കൽ: ഉപേക്ഷിച്ചുപോയ പാറക്വാറികളിൽ പാരിസ്ഥിക പഠനം നടത്തി കൃഷിക്കാർക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ മാറ്റിയെടുക്കണമെന്നാവശ്യം ശക്തം.മടവൂർ,പള്ളിക്കൽ മേഖലകളിൽ പത്തോളം ക്വാറികളാണ് ഖനനം കഴിഞ്ഞ് ഉപേക്ഷിച്ചിട്ടുള്ളത്.പാറക്കുളങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പരിസരവാസികൾ അപകട ഭീഷണിയിലുമാണ്.

80 അടിയോളം താഴ്ചയിലുള്ള രണ്ടെണ്ണം ഉൾപ്പെടെ വളരെ വിസ്തൃതിയിൽ വെള്ളം കെട്ടിക്കിടക്കുന്ന ക്വാറികൾ പ്രദേശത്തുണ്ട്. ഇത്തരം കുളങ്ങൾ ആത്മഹത്യാ മുനമ്പായി മാറുന്ന സ്ഥിതിയുമുണ്ട്.

മടവൂരിലെ ഇടപ്പാറയിലെ പാറക്കുളത്തിൽ സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി വീണ് നാലുപേർ അടുത്തിടെയാണ് മരിച്ചത്.

പാറഖനനശേഷം ക്വാറികൾ മണ്ണിട്ട് മൂടണമെന്നാവശ്യം ഇതുവരെ പ്രാവർത്തികമായിട്ടില്ല.പാറക്കുളങ്ങളെ കുടിവെള്ള പദ്ധതിയിലുൾപ്പെടുത്തിയാൽ മറ്റു സമീപ പ്രദേശങ്ങൾ നേരിടുന്ന കുടിവെള്ളക്ഷാമത്തിന് പരിഹാരമായേനെയെന്ന് നാട്ടുകാർ പറയുന്നു.

പാറക്കുളങ്ങളിൽ മത്സ്യക്കൃഷി

ആധുനികരീതിയിൽ ചെമ്മീൻ,ഞണ്ടുവളർത്തലുകൾ തുടങ്ങിയവ വ്യവസായികാടിസ്ഥാനത്തിൽ ഈ കുളങ്ങളിൽ നടത്താൻ കഴിയും.

പാറക്കുളങ്ങൾക്ക് ചുറ്റും വേലി നിർമ്മിക്കണം.വെള്ളം കൃഷിക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പദ്ധതി നടപ്പാക്കണം.

മടവൂർ നാസർ,ലോക്കൽ

സെക്രട്ടറി,സി.പി.ഐ,മടവൂർ

ക്യാപ്ഷൻ: മടവൂരിലെ ഇടപ്പാറയിൽ നാലുപേർ മരിച്ച പാറക്കുളം