d

കാളികാവ്: കൊടുക്കാനുള്ള പണത്തിന് ഈടായി നൽകിയ കാർ ഉടമ തന്നെ ക്വട്ടേഷൻ നൽകി കടത്തികൊണ്ടുപോയതായി പരാതി.വെള്ളിയാഴ്ച പള്ളിയിൽ ആരാധന നടക്കുന്നതിനിടെ കല്ലാമൂല പള്ളിപ്പടിയിൽ നിന്നാണ് വണ്ടി കടത്തികൊണ്ടുപോയത്. വിവരമറിഞ്ഞ് പിന്തുടർന്ന പൊലീസ് തൃശൂരിൽ നിന്നാണ് വണ്ടി പിടികൂടിയത്. വണ്ടി നിറുത്തി ഓടിയ ഡ്രൈവർ ആലപ്പുഴ സ്വദേശി പെരിങ്ങാട്ട് ഫൈസലിനെ പൊലീസ് പിടികൂടി. നിലമ്പൂർ കരിമ്പുഴ ചക്കപ്പത്ത് സമീദ് എന്നയാൾ പുന്നക്കാടൻ നാസറിന്റെ പക്കൽ നിന്ന് പത്ത് ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു. ഈ തുക പറഞ്ഞ സമയത്ത് തിരിച്ചു കൊടുക്കാത്തതിനാൽ പൊലീസ് മുഖാന്തിരം നടന്ന ഒത്തുതീർപ്പ് പ്രകാരം സമീദിന്റെ ഡസ്റ്റർ കാർ നാസറിന് ഈടായി നൽകുകയായിരുന്നു. നാസർ കൈവശം വെച്ചിരുന്ന കാർ മാസങ്ങൾക്കു ശേഷമാണ് ഉടമ തന്നെ കാർ തട്ടിയെടുക്കാനുള്ള ശ്രമം നടത്തിയത്. ഇതിനായി നിലമ്പൂർ ചന്തക്കുന്നിലെ സമീർ എന്ന ചാണ്ടിയെ ഉപയോഗപ്പെടുത്തി.ചാണ്ടി വഴിയാണ് ആലപ്പുഴ ഫൈസലിനെ ഏർപ്പാടാക്കിയത്. വെള്ളിയാഴ്ച പള്ളിയിൽ ആരാധനടക്കുന്നതിനിടെയാണ് കാർ കടത്തികൊണ്ടുപോയത്. സംഭവത്തിൽ ആലപ്പുഴ ഫൈസലിനെതിരെയും നിലമ്പൂർ സമീർ ചാണ്ടിക്കെതിരെയും പോലീസ് കേസ്സെടുത്തിട്ടുണ്ട്. ആലപുഴ സ്വദേശി ഫൈസലിനെ റിമാന്റ് ചെയ്തിട്ടുണ്ട്.