ഉരുൾ കശക്കിയെറിഞ്ഞ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും പുഞ്ചിരിമട്ടത്തും രക്ഷാപ്രവർത്തകർ വിശ്രമമില്ലാതെ തിരച്ചിൽ തുടരവെ ദുരന്തം അതിജിവിച്ചവർക്കുവേണ്ടി സർക്കാർ പുനരധിവാസ പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ബന്ധുക്കളിൽ ആരെങ്കിലുമൊക്കെ എത്തി തിരിച്ചറിയുമെന്ന പ്രതീക്ഷയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളിൽ എട്ടെണ്ണം ഞായറാഴ്ച രാത്രി പുത്തുമലയിൽ ഒരേസ്ഥലത്ത് കുഴിമാടങ്ങളൊരുക്കി സംസ്കരിച്ചു. ശേഷിക്കുന്ന 180-ലേറെ ഭൗതിക ശരീരങ്ങളും ശരീര ഭാഗങ്ങളും ഹാരിസൺ കമ്പനിയുടെ സ്ഥലത്ത് ഇന്നലെ വികാരനിർഭരമായ ചടങ്ങിനൊടുവിൽ സംസ്കരിച്ചു. ചാലിയാറിലും അതിനോടു ചേർന്ന വനമേഖലകളിലും അവസാനവട്ട തിരച്ചിൽ നടക്കുകയാണ്. ഒരാഴ്ചത്തെ അത്യദ്ധ്വാനം സൃഷ്ടിച്ച ക്ഷീണവും ശാരീരിക അവശതകളും വകവയ്ക്കാതെ വിവിധ സേനകളിൽപ്പെട്ട രക്ഷാപ്രവർത്തകർ ഇന്നലെയും ദുരന്തഭൂമി അരിച്ചുപെറുക്കി പരിശോധനകൾ നടത്തുകയായിരുന്നു.
ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കൃത്യമായ കണക്ക് ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. ഔദ്യോഗിക കണക്ക് 221 ആണെങ്കിലും അനൗദ്യോഗിക കണക്ക് മുന്നൂറ്റി അറുപതിനും മേലെയാണ്. ഇരുനൂറോളം പേർ ഇപ്പോഴും കാണാതായവരുടെ പട്ടികയിലാണ്. ഔദ്യോഗിക സംവിധാനങ്ങൾ വഴി ഏകദേശ കണക്കെങ്കിലും സ്വരൂപിക്കാനുള്ള തത്രപ്പാടിലാണ് ഉദ്യോഗസ്ഥ സംഘങ്ങൾ. ദുരന്തത്തിൽ വീടും വീട്ടുപകരണങ്ങളും സ്വത്തുവകകളും നഷ്ടപ്പെട്ടവർക്കായി സർക്കാർ വിപുലമായ രക്ഷാപാക്കേജിന് രൂപം നൽകുകയാണ്. വയനാട്ടിൽത്തന്നെ ഏറ്റവും സുരക്ഷിതമായ സ്ഥലം കണ്ടെത്തി ടൗൺഷിപ്പ് ഉണ്ടാക്കി ദുരന്തബാധിതരെ പിന്നീട് അങ്ങോട്ടു മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഭാരിച്ച തോതിൽ പണം വേണ്ടിവരുന്ന ദൗത്യമാണിത്. ഉദാരമതികളായ വ്യവസായ - വാണിജ്യ പ്രമുഖർ മാത്രമല്ല, ആയിരക്കണക്കിനു സാധാരണക്കാരും സംഘടനകളും സാമൂഹ്യ പ്രവർത്തകരുമൊക്കെ മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് സംഭാവന നൽകുകയോ വാഗ്ദാനം നൽകുകയോ ചെയ്തുകൊണ്ടിരിക്കുകയാണ്.
വീടു നഷ്ടപ്പെട്ടവർക്ക് സ്ഥലം സംഭാവനയായി നൽകാൻ ഒട്ടേറെപ്പേർ മുന്നോട്ടുവന്നിട്ടുണ്ട്. അഞ്ഞൂറോളം വീടുകൾ നിർമ്മിച്ചു നൽകാനുള്ള വാഗ്ദാനങ്ങളും ലഭിച്ചിട്ടുണ്ട്. കേന്ദ്ര ദുരന്ത പ്രതിരോധ നിധിയിൽ നിന്നുള്ള സഹായവും പ്രതീക്ഷിക്കുന്നു. പുറമെ കേന്ദ്ര പദ്ധതികളിൽ നിന്നുള്ള ഫണ്ടും ലഭ്യമാക്കാൻ ശ്രമിക്കാവുന്നതാണ്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളിക്കളഞ്ഞിട്ടുണ്ട്. ഇത്തരത്തിലൊരു പ്രഖ്യാപനം നടന്നിരുന്നുവെങ്കിൽ എം.പി ഫണ്ടിൽ നിന്ന് വലിയതോതിൽ സഹായം ലഭ്യമാക്കാനാകുമായിരുന്നു. നിയമവും ചട്ടവുമൊക്കെ മനുഷ്യർക്കു വേണ്ടിയുള്ളതാണെന്ന ബോധം നഷ്ടപ്പെടുമ്പോഴാണ് ഇതുപോലുള്ള നിഷേധാത്മക നിലപാടുമായി ഭരണാധികാരികൾ രംഗത്തുവരുന്നത്. ദേശീയ ദുരന്തമായി കണക്കാക്കിയാലും ഇല്ലെങ്കിലും വയനാട്ടിലെ ദുരിതമനുഭവിക്കുന്ന മനുഷ്യരെ ആവുന്നിടത്തോളം സഹായിക്കുക എന്നതാണ് ഈ ഘട്ടത്തിൽ ആവശ്യം. അതിന് ഒരു നിയമവും ചട്ടവും പ്രതിബന്ധമായി നിൽക്കരുത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വൻ പ്രചാരണം അരങ്ങേറിയത് കേരളത്തിന്റെ പാരമ്പര്യത്തിനും ശീലങ്ങൾക്കും ഒട്ടും നിരക്കാത്തതാണ്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കേസെടുക്കാൻ തുടങ്ങിയതോടെ അല്പം ശമനം വന്നിട്ടുണ്ട്. മനസറിഞ്ഞ് ദുരിതബാധിതരെ സഹായിക്കാൻ മുതിരുന്നവരിൽ വിഷം കുത്തിവച്ച് അത് മുടക്കാൻ ശ്രമിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തുകതന്നെ വേണം. ജാതി, മത, രാഷ്ട്രീയ വിശ്വാസങ്ങൾക്കതീതമായാണ് മലയാളികൾ ആപൽഘട്ടങ്ങളിൽ നാനാവഴിക്കും സഹായങ്ങളുമായി എത്താറുള്ളത്. വയനാട്ടിലെ ഉരുൾപൊട്ടലിലും ആ മഹനീയ പാരമ്പര്യം കാണാൻ കഴിയുന്നുണ്ട്. പുനരധിവാസ പാക്കേജിന് എത്രയും വേഗം കൃത്യമായ പദ്ധതികൾ തയ്യാറാക്കുകയാണ് വേണ്ടത്. കുടുംബാംഗങ്ങളും വളർത്തുമൃഗങ്ങളുമൊക്കെയായി സന്തോഷത്തോടെ ജീവിച്ചുവന്നവരാണ് കുടുംബവും സ്വത്തുവകകളും നഷ്ടപ്പെട്ട് താത്കാലിക ക്യാമ്പുകളിൽ കഴിയേണ്ടിവരുന്നത്. അവരുടെ ജീവിതം വീണ്ടും പച്ചപിടിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഒരുവിധ തടസങ്ങളും ഉണ്ടാകാൻ പാടില്ല.