1

വിഴിഞ്ഞം: വിഴിഞ്ഞം കടൽത്തീരത്തെ ഫിഷറീസ് സ്റ്റേഷൻ പരിസരത്തെ മന്ദിരങ്ങൾ അപകടാവസ്ഥയിൽ. കാലപ്പഴക്കം കാരണം ജീർണാവസ്ഥയിലായ മന്ദിരങ്ങൾ ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ. ഈ മന്ദിരങ്ങളിൽ ഒന്നിലാണ് ഫിഷറീസ് വകുപ്പിലെ ലൈഫ് ഗാർഡുകളുടെ വിശ്രമകേന്ദ്രം.

മന്ദിരത്തിന്റെ ഒരു ഭാഗത്ത് ആൽമരങ്ങൾ പടർന്നുകയറി ചുവരുകൾ വിണ്ടുകീറി. ആധുനിക സംവിധാനങ്ങളോടെ പുതിയ ഫിഷറീസ് സ്റ്റേഷൻ മന്ദിരം നിർമിച്ചെങ്കിലും പഴയമന്ദിരങ്ങൾ നിലനിറുത്തിയിരിക്കുന്നതാണ് അപകടഭീഷണി ഉയർത്തുന്നത്. മത്സ്യത്തൊഴിലാളികൾക്കുള്ള പരിശീലനകേന്ദ്രമായാണ് ഇതിലെ ഒരു കെട്ടിടം നിർമ്മിച്ചത്. കാലക്രമേണ പരിശീലനം നിലച്ചപ്പോൾ കെട്ടിടങ്ങളും അനാഥമായി. ഈ മന്ദിരത്തിൽ തന്നെയാണ് ഫിഷറീസ് സഹകരണസംഘം സീനിയർ ഇൻസ്‌പെക്ടറുടെ കാര്യാലയവും പ്രവർത്തിച്ചിരുന്നത്. നാല് കെട്ടിടങ്ങൾ ഉണ്ടായിരുന്നതിൽ ഐസ് പ്ലാന്റ് പ്രവർത്തിച്ചിരുന്ന ഒരു കെട്ടിടം മുമ്പ് പൊളിച്ചു നീക്കിയിരുന്നു. ശേഷിച്ച മൂന്ന് കെട്ടിടമാണ് തകർച്ച ഭീഷണിയിലുള്ളത്. ഇതിൽ രണ്ടെണ്ണം ഷീറ്റു മേഞ്ഞതാണ്.

കാടുകയറി പരിസരം

സർക്കാ‌ർ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് സമീപത്തെ ഏക്കറുകണക്കിന് സ്ഥലത്ത് കുറ്റിക്കാട് നിറഞ്ഞു. ഇവിടെ ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും കേന്ദ്രമായി മാറി. 24 മണിക്കൂറും ഇവിടെ പ്രവർത്തിക്കുന്നതിനാൽ രാത്രികാലങ്ങളിൽ ലൈഫ് ഗാർഡുകൾ ഭീതിയിലാണ് കഴിയുന്നത്. മന്ദിരത്തിനുള്ളിലെ കിണർ ഉപയോഗശൂന്യമാണ്. ഇതിനുസമീപത്തെ കൂറ്റൻ വാട്ടർ ടാങ്ക് അപകടാവസ്ഥയിലും. ഇവിടെ പ്രവർത്തിച്ചിരുന്ന പൗമ്പ് ഹൗസിൽ പമ്പുകൾ തുരുമ്പെടുത്തു കിടക്കുകയാണ്.


ചുറ്റുമതിൽ തകർന്നു

സ്റ്റേഷൻ മന്ദിരത്തിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം തകർന്നു. ഇതുവഴി സാമൂഹ്യവിരുദ്ധർ അകത്തു പ്രവേശിക്കുകയും മദ്യപസംഘത്തിന്റെ താവളമായി മാറിയതായും പരാതിയുണ്ട്. കെട്ടിടത്തിന്റെ മുൻവശത്ത പ്രധാന കവാടത്തിന്റെ ഗേറ്റ് തുരുമ്പിച്ചു. ഇതുവഴി ആർകും എപ്പോൾ വേണമെങ്കിലും പ്രവേശിക്കാം.


കാടുകയറുന്നതു ലക്ഷങ്ങളുടെ വസ്തുക്കൾ

കെട്ടിടങ്ങൾക്കുള്ളിൽ ഉപയോഗയോഗ്യമായതും അല്ലാത്തതുമായ വസ്തുക്കളും ഫർണിച്ചറുകളും കാടുകയറി നശിക്കുകയാണ്. മത്സ്യത്തൊഴിലാളികൾക്കുള്ള വസ്തുക്കളും ഇതിൽ ഉൾപ്പെടും. ആയിരങ്ങൾ വിലയുള്ള കേബിളുകൾ ഇതിനുള്ളിൽ കൂട്ടിയിട്ടിരിക്കുകയാണ്.