പാലോട്: കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്തുകളിൽ അവ പരിഹരിക്കാൻ ആരംഭിച്ച കിണർ റീച്ചാർജിംഗ് പദ്ധതികൾ പൂർണമായും നാശത്തിലായെങ്കിലും പാലുവള്ളി സർക്കാർ യു.പി സ്കൂളിലെ ജലസംഭരണിയിലെത്തുന്ന മഴവെള്ളമാണ് വിദ്യാർത്ഥികളുടെ ദാഹമകറ്റുന്നത്. സ്കൂളിലെ പ്രധാന കെട്ടിടത്തോടനുബന്ധിച്ച് സ്ഥാപിച്ച ടാങ്കിൽ നിന്നു ലഭിക്കുന്ന വെള്ളം സ്കൂൾ ആവശ്യത്തിന് ധാരാളം. ഈ വെള്ളമാണ് പാചകം ചെയ്യാനുൾപ്പെടെ ഉപയോഗിക്കുന്നത്. മറ്റ് ജലസ്രോതസുകൾ കുറവായ പ്രദേശമായതിനാൽ പലരും ജലസംഭരണികൾ നിർമ്മിച്ചിരുന്നു. പതിനായിരം ലിറ്റർ മുതൽ മഴവെള്ളം സംഭരിക്കാൻ കഴിയുന്ന തരത്തിലാണ് സിമന്റ് കോൺക്രീറ്റിൽ സംഭരണികൾ നിർമ്മിച്ചത്. എന്നാൽ കൃത്യമായ പരിപാലനം ഇല്ലാതെ ഈ വെള്ളം ഉപയോഗശൂന്യമായി. പലരും ടാങ്കുകൾ പൊളിച്ചുമാറ്റി.
പദ്ധതി പരാജയപ്പെട്ടതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് മഴക്കുഴി നിർമ്മാണം. അഞ്ചടി മുതൽ താഴ്ചയിൽ നിർമ്മിക്കുന്ന കുഴികളിൽ ഒലിച്ചിറങ്ങുന്ന വെള്ളം സംഭരിച്ച് മണ്ണിലേക്കു തന്നെ എത്തിക്കുന്നതായിരുന്നു പദ്ധതി. ഇതുവഴി വേനൽക്കാലങ്ങളിലെ ശുദ്ധജലക്ഷാമത്തിന് കുറച്ചെങ്കിലും പരിഹാരമായെങ്കിലും പേരയം സ്വദേശിയായ രണ്ടു വയസുകാരൻ മേൽമൂടിയില്ലാത്ത മഴക്കുഴിയിൽ വീണ് മരിച്ചതോടെ മഴക്കുഴികളുടെ സുരക്ഷിതത്വം ചൂണ്ടിക്കാട്ടി ഈ പദ്ധതിയും ഏതാണ്ട് നിലച്ചു.
മഴവെള്ളം കുടിനീരാക്കാം
ഏറ്റവും ലളിതമായ സംവിധാനത്തിലൂടെ മഴവെള്ളത്തെ അമൂല്യമായ കുടിവെള്ളമാക്കി മാറ്റി കൂടുതൽ സംഭരിച്ച് ഉപയോഗിക്കാൻ കഴിയും. ഒപ്പം കാലക്രമേണ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനും കഴിയും. ഒരു യൂണിറ്റിന് പതിനായിരം മുതൽ ഇരുപതിനായിരം രൂപവരെയാണ് ഏകദേശ ചെലവ്. മഴക്കാലത്ത് സംഭരിക്കുന്ന വെള്ളം ശേഖരിച്ച് വേനൽക്കാലമാകുമ്പോൾ ശുദ്ധീകരിച്ച് കിണറ്റിലേക്ക് ഇറക്കും. ഇത്തരത്തിൽ വേനൽ കടുത്തതോടെ പഞ്ചായത്തിലെ ചില ഭാഗങ്ങളിലെങ്കിലും ജലക്ഷാമം പരിഹരിക്കാൻ കിണർ റീചാർജിംഗിന് കഴിയുമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഈ വെള്ളം ശുദ്ധീകരിക്കുകയോ മഴക്കാലത്ത് സംഭരിക്കുകയോ ചെയ്തിട്ടില്ല.