ആറ്റിങ്ങൽ: എന്നുംരാവിലെ ഏഴരയാകുമ്പോൾ നിലയ്ക്കാമുക്ക് ഷിബോദയം വീടിന്റെ മുറ്റത്ത് കാക്കകൾ കലപില കൂട്ടും. സീരിയൽ സംവിധായകനായിരുന്ന ഷിബു കടയ്ക്കാവൂരും ഭാര്യ അഡ്വ.ലിജയും നൽകുന്ന ബിസ്‌കറ്റ് കഴിക്കാനുള്ള ബഹളം കൂട്ടലാണത്. കൊവിഡു കാലം മുതലാണ് കാക്കകൾക്ക് ഇരുവരും ബിസ്‌കറ്റ് നൽകാൻ തുടങ്ങിയത്. നിത്യവും ബിസ്‌കറ്റുകൾ ലഭിക്കാൻ തുടങ്ങിയതോടെ മുറ്റത്ത് കാക്കകളുടെ എണ്ണവും കൂടി. വീട്ടിൽ അതിഥികളോ മറ്റാരെങ്കിലുമോ ഉണ്ടെങ്കിൽ വിരുന്നു കാക്കകളുടെ എണ്ണം കുറയും. കർക്കടക വാവ് ആയിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ബലികാക്കകൾ എത്തിയില്ലെന്ന് ഷിബു പറഞ്ഞു. ഷിബോദയമെന്ന വീടിനും സവിശേഷതകൾ ഏറെയുണ്ട്. പരിസ്ഥിതി സൗഹൃദമായാണ് വീടും പരിസരവും ഒരുക്കിയിരിക്കുന്നത്. മരങ്ങൾ നട്ടു വളർത്തുന്നതിന് പുറമേ മുപ്പതിലധികം ചെമ്പരത്തികളുടെ ശേഖരവും ഇവിടെയുണ്ട്.