വെഞ്ഞാറമൂട്: വാമനപുരം പ‍ഞ്ചായത്തിൽ വിവിധ ശുദ്ധജല പദ്ധതികൾ വന്നിട്ടും വാമനപുരം നദിയുടെ തെക്ക് വശത്തുള്ള ഒൻപത് വാർഡുകളിൽ ശുദ്ധജലം കിട്ടാക്കനി. പ‍ഞ്ചായത്തിലെ ആനാകുടി, ഈട്ടിമൂട്, മേലാറ്റുമൂഴി, പൂവത്തൂർ, ഇരുളൂർ, തൂങ്ങയിൽ, കാഞ്ഞിരംപാറ, മീതൂർ, കുറ്റിമൂട് എന്നീ വാർഡുകളിലെ ജനങ്ങളാണ് വെള്ളത്തിനായി നെട്ടോട്ടമോടുന്നത്. 30 വർഷം മുമ്പ് മുളമന കടവിൽ സ്ഥാപിച്ച പമ്പ് ഹൗസിൽ നിന്നാണ് നിലവിൽ ഈ മേഖലകളിലേക്ക് വെള്ളമെത്തിക്കുന്നത്.

പമ്പ് ഹൗസ് സ്ഥാപിക്കുമ്പോൾ ആകെ 250 കണക്ഷൻ മാത്രമാണ് ഉണ്ടായിരുന്നതെന്നും ജലജീവൻ പദ്ധതി കൂടി വന്നതോടെ 4,​000ലധികമായി ഇത് ഉയർന്നെന്നും നാട്ടുകാർ ആരോപിക്കുന്നു. നാലു ദിവസത്തിലൊരിക്കൽ മാത്രമാണ് ജലവിതരണമുള്ളത്. മുളമനയിൽ പഴയ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നിടത്താണ് ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ നഗരൂർ, പുളിമാത്ത്, കരവാരം, പഴയകുന്നുമ്മേൽ പ‍ഞ്ചായത്തുകളിലേക്ക് ശുദ്ധജല വിതരണത്തിനായി പമ്പ് ഹൗസ് നിർമ്മിക്കുന്നത്.

പ്രതിഷേധത്തെ തുടർന്ന് ഉറപ്പുനൽകി

വാമനപുരം പ‍ഞ്ചായത്ത് പരിധിയിൽ നിന്ന് ഭൂമി വിലയ്ക്കുവാങ്ങിയാണ് അധികൃതർ പമ്പ് ഹൗസ് നിർമ്മിക്കുന്നത്. ഇവിടെ നിന്ന് ശേഖരിക്കുന്ന നദീജലം കുറ്റിമൂട്ടിൽ നിർമ്മിക്കുന്ന ശുദ്ധീകരണ ശാലയിലെത്തിച്ച് ശുദ്ധീകരിച്ചശേഷം വിതരണം നടത്തുന്നതാണ് പദ്ധതി. ഇതിനായി മുളമനയിൽ നിന്ന് വലിയ പൈപ്പുകളിൽ കുറ്റിമൂട്ടിലേക്ക് വെള്ളമെത്തിക്കും. വലിയ പൈപ്പുകൾ സ്ഥാപിക്കുന്നതിൽ പ്രതിഷേധം ആരംഭിച്ചപ്പോൾ വാമനപുരം പഞ്ചായത്തിലെ ഒൻപത് വാർഡുകളിൽ കൂടി ജലവിതരണം നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധികൃതർ വാക്കാൽ ഉറപ്പു നൽകിയിരുന്നതായി നാട്ടുകാർ പറയുന്നു.

കാര്യം കഴിഞ്ഞപ്പോൾ കൂരായണ

പൈപ്പ് ലൈനുകൾ സ്ഥാപിച്ചു കഴിഞ്ഞപ്പോൾ അധികൃതർ വാക്കുമാറി. ആറ്റിങ്ങൽ മണ്ഡലത്തിലേക്കുള്ള പദ്ധതിയിൽ നിന്ന് വാമനപുരം മണ്ഡലത്തിലേക്ക് ജലവിതരണം നടത്താനാകില്ലെന്നും മറ്റ് വഴികൾ ആലോചിക്കാൻ നിർദ്ദേശിച്ചെന്നും നാട്ടുകാർ ആരോപിക്കുന്നു. മുളമനയിൽ നിർമ്മിക്കുന്ന പുതിയ പമ്പ്ഹൗസ് ആറ്റിങ്ങൽ മണ്ഡലത്തിലേക്ക് മാത്രമുള്ളതാണെന്നും ഈ പദ്ധതിയിൽ നിന്ന് വാമനപുരം പ‍ഞ്ചായത്തിലെ ഭാഗങ്ങളിലേക്ക് ശുദ്ധജല വിതരണം നടത്താനാകില്ലെന്നും അധികൃതർ അറിയിച്ചതായി പ‍ഞ്ചായത്തംഗം യു.എസ്.സാബു പറഞ്ഞു. വാമനപുരം പ‍ഞ്ചായത്തിൽ ശുദ്ധജല വിതരണത്തിന് കൈലാസത്തു കുന്നിൽ ടാങ്ക് നിർമ്മിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ എം.സി റോഡിന് പടിഞ്ഞാറു വശത്ത് നിർമ്മിക്കുന്ന ടാങ്കിൽ നിന്ന് വെള്ളം എത്തിക്കുന്നത് ശാസ്ത്രീയമല്ലെന്നും കുറ്റിമൂട് സ്ഥാപിക്കുന്ന ശുദ്ധീകരണ ശാലയിൽ നിന്ന് മേഖലയിലെ ഒൻപത് വാർഡുകളിലേക്ക് കൂടി ജലവിതരണം നടത്താൻ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യമെന്ന് യു.എസ്.സാബു പറഞ്ഞു.