തിരുവനന്തപുരം: നവീകരണത്തിന്റെ ഭാഗമായി സ്‌റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ നിന്ന് പുറത്തേക്ക് മാറ്റിയ ലക്ഷങ്ങൾ വിലയുള്ള ഫർണിച്ചറുകൾ മഴയും വെയിലുമേറ്റ് നശിക്കുന്നു. രാജഭരണ കാലത്തുണ്ടായിരുന്ന അമൂല്യമായ പണിത്തരങ്ങളുള്ള തടിയിൽ നിർമ്മിച്ച പുസ്തക ഷെൽഫുകളും കസേരകളും മറ്റുപകരണങ്ങളുമാണ് ഇത്തരത്തിൽ പാഴായി പോകുന്നത്. നാലു വർഷമായി ഇവ പുറത്ത് കിടക്കുകയാണ്. ഇവയുടെ സംരക്ഷണം സംബന്ധിച്ച് യാതൊരു നടപടിക്കും ലൈബ്രറി അധികൃതർ തയ്യാറായിട്ടില്ല.
പഴയ ഫർണിച്ചറുകൾ മാറ്റി സിഡ്‌കോ വിതരണം ചെയ്യുന്ന പുതിയവ ഇടാനായി ആദ്യം ഇവയെ കെട്ടിടത്തിന്റെ സെല്ലാറിലേക്ക് മാറ്റിയിരുന്നു. പിന്നീട് സെല്ലാറിന്റെ നവീകരണവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന് പുറത്തേക്ക് മാറ്റുകയായിരുന്നു. ലൈബ്രറിയുടെ പ്രധാന കെട്ടിടത്തിന്റെ വശത്തായി വെറും മണ്ണിൽ കൂട്ടിയിട്ടിരിക്കുന്ന നിലയിലുള്ള ഇവയിൽ പലതും പുനരുപയോഗിക്കാൻ കഴിയുന്നതാണ്. ലൈബ്രറിയിലെ മലയാള വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോൾ പോലും ഇവ ഉപയോഗപ്പെടുത്തിയില്ല. പുതിയ ഫർണിച്ചറുകൾ വളരെ വേഗം കാലഹരണപ്പെട്ട് പോകുമ്പോഴാണ് തേക്ക്, ഈട്ടി എന്നിവയിൽ തീർത്ത ഈടുറ്റ സാധനങ്ങൾ ഉപേക്ഷിച്ചിരിക്കുന്നത്.
ഫർണിച്ചറുകൾ പടുത കൊണ്ട് മൂടിയിട്ടുണ്ടെങ്കിലും അത് ഫലപ്രദമല്ല. വർഷങ്ങൾക്കു മുമ്പ് പുറത്തിട്ട സാധനങ്ങൾക്ക് കൃത്യമായ എണ്ണമുണ്ടോ എന്നതിലും സംശയമുണ്ട്. രാത്രികാല വാച്ച്മാൻ ഉണ്ടെങ്കിലും അവരെ മറ്റ് ജോലികൾക്കായി നിയോഗിച്ചിരിക്കുന്നതിനാൽ സ്വകാര്യ സെക്യൂരിറ്റി ഏജൻസിക്കാണ് ലൈബ്രറിയുടെ സുരക്ഷാച്ചുമതല. അവരെ വർഷാവർഷം മാറ്റുന്നതിനാൽ ഓഡിറ്റോറിയത്തിന് സമീപം കൂട്ടിയിട്ടിരിക്കുന്ന ഫർണിച്ചറുകൾ മോഷണം പോയാലും ആർക്കും ഉത്തരവാദിത്വമുണ്ടാവില്ല.