തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന അമീബയുടെ സാന്നിദ്ധ്യം തലസ്ഥാനത്തെ കുളങ്ങളിലും കണ്ടെത്തിയതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി. കുളങ്ങളിലും സ്വിമ്മിംഗ് പൂളുകളിലും കുളിക്കുന്നവർ വെള്ളത്തിന്റെ നിലവാരം ഉറപ്പാക്കണം. രോഗബാധയ്ക്ക് കാരണമായ നെല്ലിമൂട് വെൺപകൽ മേഖലയിലേതുൾപ്പെടെ വിവിധ കുളങ്ങളിലെ സാമ്പിളുകൾ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് ശേഖരിച്ചു. വെൺപകലിൽ മൂന്നു യുവാക്കൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നടപടി. ഇതിൽ ഒരാൾ മരിച്ചു,​ രണ്ടുപേർ മെ‌ഡി.കോളേജിൽ ചികിത്സയിലാണ്. പനിയുണ്ടായാൽ സ്വയംചികിത്സിക്കാതെ ഉടൻ ഡോക്ടറെ കാണണം. ജലസ്രോതസുകളിൽ കുളിച്ചവർ അക്കാര്യം ഡോക്ടറെ അറിയിക്കണം. മരണനിരക്ക് 97ശതമാനത്തിലധികമായതിനാൽ ആദ്യമണിക്കൂറുകളിൽ രോഗം കണ്ടെത്തിയാൽ മാത്രമേ ഫലപ്രദമായ ചികിത്സ നൽകി ജീവൻ രക്ഷിക്കാനാകൂ.

മനുഷ്യരിൽ നിന്ന് പകരില്ല

നേഗ്ലെറിയ ഫൗലേറി,അക്കാന്ത അമീബ,സാപ്പിനിയ,ബാലമുത്തിയ തുടങ്ങിയ അമീബ രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുന്നതാണ് രോഗകാരണം.ഇവ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലെ സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരത്തിലൂടെയോ അമീബ തലച്ചോറിലെത്തും. വെള്ളത്തിലിറങ്ങുമ്പോൾ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തിൽ കലങ്ങി മൂക്കിലൂടെ രോഗാണുബാധ ഉണ്ടായാൽ ഒമ്പത് ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. മനുഷ്യവിസർജ്ജ്യത്തിലൂടെയാണ് വൈറസ് വെള്ളത്തിലെത്തുന്നത്.

ലക്ഷണങ്ങൾ

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ.

കുഞ്ഞുങ്ങളിൽ പൊതുവായി കാണപ്പെടുന്ന രോഗലക്ഷണങ്ങൾ: ഭക്ഷണം കഴിക്കാനുള്ള വിമുഖത, അസാധാരണമായ പെരുമാറ്റം

പഴുതടച്ച പ്രതിരോധം വേണം

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കരുത്
വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്യണം
ജലസ്രോതസുകളിൽ കുളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണം
മലിനമായ വെള്ളത്തിൽ മുങ്ങിക്കുളിക്കരുത്

മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകരുത്

സ്വിമ്മിംഗ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകണം
നീന്തൽക്കുളങ്ങളിലെ ഫിൽറ്ററുകൾ ശുചിയാക്കണം
ആഴ്ചയിലൊരിക്കൽ വെള്ളം മാറ്റണം

സഹായങ്ങൾക്ക് വിളിക്കാം

1056, 0471 2552056, 104