hi

കിളിമാനൂർ: വയനാട്ടിലെ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് കൈത്താങ്ങായി കേരളം ഒന്നടങ്കം അണിനിരക്കുമ്പോൾ, തന്റെ ചെറു സമ്പാദ്യവുമായി രണ്ടാം ക്ലാസുകാരി നവമിയും. കിളിമാനൂർ ഗവ.എൽ.പി.എസിലെ വിദ്യാർത്ഥിനിയാണ് നവമി. കഴിഞ്ഞദിവസം ഒരു ടി.വി ചാനലിൽ സമാനമായ വാർത്ത കാണുമ്പോഴാണ് തന്റെ ചെറു സമ്പാദ്യവും മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകണമെന്ന് നവമിക്ക് തോന്നിയത്. ഓണത്തിന് കളിപ്പാട്ടം വാങ്ങാൻ ചെറുനാണയത്തുട്ടുകൾ സമാഹരിക്കാൻ തുടങ്ങിയത് ആറുമാസം മുമ്പാണ്. അഭിമാനത്തോടെയാണ് വയനാട്ടിലെ കൂട്ടുകാരെ സഹായിക്കണമെന്ന് നവമി അച്ഛനോടും അമ്മയോടും പറയുന്നത്. സി.പി.ഐ കിളിമാനൂർ മണ്ഡലം കമ്മിറ്റി അംഗമായ എസ്.സജികുമാറിന്റെയും, സിമിയുടെയും മകളാണ് നവമി.സി.പി.ഐ നേതൃത്വത്തിൽ രണ്ടുദിവസമായി നടക്കുന്ന ധനസമാഹരണത്തിൽ നവമി തന്റെ സമ്പാദ്യക്കുടുക്ക കൈമാറി. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ജി.എൽ.അജീഷ് സമ്പാദ്യം ഏറ്റുവാങ്ങി.സീനിയർ നേതാവ് വി.സോമരാജക്കുറുപ്പ്,മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ബി.എസ്.റജി,ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ധനപാലൻ നായർ, ജി.ചന്ദ്രബാബു,എസ്.വിധു എന്നിവർ പങ്കെടുത്തു.